ലണ്ടന്‍ : ലോക ഫുട്ബോളില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ഈജിപ്ഷ്യന്‍ മുഹമ്മദ് സലാഹിന്റെത്. ഒരൊറ്റ സീസണിലെ മികവ് കൊണ്ട് തന്നെ ഈ ഇരുപത്തിയഞ്ചുകാരനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത് ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയുമടങ്ങുന്ന സൂപ്പര്‍ താരങ്ങളുമായാണ്. ചര്‍ച്ചകള്‍ പലവഴിക്ക് പുരോഗമിക്കവേ താനും റൊണാള്‍ഡോയും തമ്മിലല്ല മത്സരം എന്ന് ഓര്‍മിപ്പിക്കുകയാണ് മുഹമ്മദ് സലാഹ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലായുടെ ലിവര്‍പൂള്‍ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ നേരിടാന്‍ ഇറങ്ങവേയാണ് മുഹമ്മദ് സലാഹ്‌യുടെ പ്രതികരണം. താനും റൊണാള്‍ഡോയുമായുള്ള മത്സരമാകില്ല ഫൈനല്‍ എന്ന് പറയുന്ന സലാഹ് ഫൈനലില്‍ കാണാന്‍ പോകുന്നത് ലിവര്‍പൂളിന്റെ സംയുക്ത ശക്തിയാണ് എന്നും പ്രതികരിച്ചു.
” മുഹമ്മദ് സലാഹ്‌യും ക്രിസ്ത്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരമല്ല ഫൈനല്‍ (ചാമ്പ്യന്‍സ് ലീഗ്). ഞാന്‍ മഹത്തായൊരു ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. മികച്ച കളിക്കാര്‍ തന്നെയാണ് ഞങ്ങള്‍ക്കുള്ളത്. ഫൈനലിലേക്കുള്ള യോഗ്യത നേടിയത് മികച്ച ടീം വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും സാധിക്കില്ല. അതൊരു കൂട്ടായ പ്രവര്‍ത്തിയാണ്. ഞാനൊരു ഗോള്‍ അടിക്കുന്നുണ്ട് എങ്കില്‍ ഞങ്ങള്‍ എല്ലാവരും നല്ല കളി കാഴ്ചവെക്കുന്നുണ്ട് എന്നാണ് അര്‍ഥം. ഞങ്ങള്‍ ഗോള്‍ വഴങ്ങുകയാണ് എങ്കില്‍ കളി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും.” മുഹമ്മദ് സലാഹ് ദ് ഗാര്‍ഡിയന്‍ ഫുട്ബോളിനോട് പറഞ്ഞു.
ഈ സീസണില്‍ ലിവര്‍പൂളിലേക്ക് ചേക്കേറിയ ഈജിപ്ഷ്യന്‍ താരം 43 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ബാലന്‍ഡി ഓറിന് വേണ്ടിയുള്ള മത്സരത്തിലും മെസ്സിയും റൊണാള്‍ഡോയും അടങ്ങുന്ന പ്രതിഭകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് സലാഹ്.
കഴിഞ്ഞ ദിവസമാണ് ഫുട്ബോളര്‍ ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ ‘ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍’ പുരസ്കാരവും ലിവര്‍പൂള്‍ സൂപ്പര്‍ സ്റ്റാറിനെ തേടിയെത്തിയത്. ടോട്ടന്‍ഹാം ഹോട്സ്പറിന്റെ ഹാരി കേന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രയ്ന്‍ എന്നിവരെ പുറംതള്ളിയാണ് ഈജിപ്ഷ്യന്‍ താരത്തിന്റെ നേട്ടം.
കഴിഞ്ഞ വേനല്‍കാല ട്രാന്‍സ്ഫറിലാണ് മുപ്പത്തിനാല് മില്യണ്‍ യൂറോ തുകയ്ക്ക് സലാഹ്‌യെ റോമയില്‍ നിന്നും ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് ‘പ്ലെയര്‍ ഓഫ് ദ് മന്ത് ‘ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ഈ മുഹമ്മദ് സലാഹ്. ലിവര്‍പൂളിന് വേണ്ടി സീസണില്‍ നാല്പതിന് മുകളില്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം, സീസണില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നിങ്ങനെ ഒട്ടനവധി റെക്കോഡുകളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ സലാഹ് സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ മാത്രമായി പത്ത് ഗോളുകളാണ് മുഹമ്മദ് സലാഹ് അടിച്ചുകൂട്ടിയത്.