ബാഴ്‌സലോണ: കൈവിട്ടെന്ന് കരുതിയ മത്സരം, അവസാന എട്ട് മിനിറ്റിലെ ബാഴ്‌സയുടെ മടങ്ങിവരവ് എങ്ങിനെ വിശേഷിപ്പിച്ചാലും മതിയാകില്ല. ഇതൊരു കണക്കുതീർക്കൽ മാത്രമാകില്ല. കാൽപന്ത് കളിയുടെ മാസ്മരിക സൗന്ദര്യം ആരാധകരെ അനുഭവിപ്പിക്കുകയായിരുന്നു മെസ്സിയും സംഘവും. ആദ്യപാദത്തിൽ പിഎസ്‌ജിയോട് ഏറ്റ 4-0 ന്റെ തോൽവിക്ക് 6-1 എന്ന മറുപടിയിൽ ചാംപ്യൻസ് ലീഗിൽ ബാഴ്‌സ തിരിച്ചെത്തി.

മത്സരത്തിൽ തുടക്കം മുതൽ തന്നെ ബാഴ്‌സ ആധിപത്യം നേടിയിരുന്നു. മൂന്നാം മിനിറ്റിൽ സുവാരസാണ് അവരെ മുന്നിലെത്തിച്ചത്. എന്നാൽ 40 മത്തെ മിനിറ്റിൽ പിഎസ്‌ജി താരം കുർസാവയുടെ പിഴവ്, ബാഴ്‌സയുടെ അക്കൗണ്ടിൽ ഗോളായി മാറി. 50 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് മെസ്സി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സ ആധിപത്യം അരക്കിട്ടുറപ്പിച്ചു. എന്നാൽ 62 മത്തെ മിനിറ്റിൽ കവാനി ഗോൾ മടക്കിയതോടെ ബാഴ്‌സയ്ക്ക് മുകളിൽ കരിമേഘങ്ങൾ ഉയർന്നു.

കളി 88 മത്തെ മിനിറ്റിൽ എത്തിയപ്പോഴും ഗോൾ നിലയിൽ യാതൊരു മാറ്റവുമുണ്ടായില്ല. അദ്ഭുതം നടന്നാൽ മാത്രമേ മൂന്ന് ഗോൾ കൂടി നേടി ബാഴ്‌സയ്ക്ക് മുന്നോട്ട് പോകാനാവൂ എന്ന നിലയിൽ നിന്നാണ് ആരെയും വിസ്മയിപ്പിക്കുന്ന നിലയിൽ ടീം കളിയിലേക്ക് തിരിച്ചെത്തിയത്. 88 മത്തെ മിനിറ്റിൽ ഗോൾ നേടിയ നെയ്‌മർ തന്നെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലും ഗോൾ നേടി. ത്രസിപ്പിക്കുന്ന ആരവങ്ങൾ ഗാലറിയിൽ ഉയർന്ന നിമിഷത്തിൽ പിഎസ്‌ജി ആകെ സമ്മർദ്ദത്തിലായി. ശേഷിച്ച മിനിറ്റുകളിലും രൂക്ഷമായ ആക്രമണമാണ് ബാഴ്‌സയുടെ മുന്നേറ്റ നിര പിഎസ്‌ജി യുടെ ഗോൾ മുഖത്തേക്ക് നടത്തിയത്. കളിയുടെ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് ബോക്സിന് പുറത്ത് നിന്ന് നെയ്മർ തൊടുത്തത് കൃത്യമായി ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ട് സെർജി റോബർട്ടോ ബാഴ്സയുടെ ക്വാർട്ടർ പ്രവേശനം പൂർത്തിയാക്കി. ഇന്നോളം ഫുട്ബോൾ ലോകം കണ്ടിട്ടില്ലാത്ത മടങ്ങിവരവാണ് ബാഴ്‌സ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ