ലണ്ടൻ: വമ്പൻ ടീമുകൾ അണിനിരന്ന ഇന്നലെ ചാംപ്യൻസ് ലീഗ് സാക്ഷിയായത് ഗോൾ മഴയ്ക്ക്. പിഎസ്ജി, ബാഴ്സലോണ, ഡോർമുണ്ട്, അത്‍ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നീ ടീമുകള്‍ ആധികാരിക വിജയം നേടിയപ്പോൾ, ലിവർപൂൾ സീസണിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് തോൽവി അറിഞ്ഞു.

നെയ്മറിന്റെ ഹാട്രിക്കടക്കം ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പിഎസ്‌ജി റെ‍ഡ് സ്റ്റാർ ബെൽഗ്രേഡിനെ നിലംപരിശാക്കിയത്. കളിയുടെ 75 ശതമാനം സമയവും ബോൾ പിഎസ്‌ജിയുടെ കാലിലാലിയിരുന്നു. പിഎസ്ജിക്ക് വേണ്ടി ഡി മരിയ, കവാനി, എംബാപ്പെ എന്നിവരും ലക്ഷ്യം കണ്ടു. മാർക്കോ മറിൻ ആണ് റെഡ് സ്റ്റാർസിന്റെ ആശ്വാസഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനാമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സ തകർത്തത്. ഇതോടെ ബാഴ്സ ഗ്രൂപ്പ് ചാമ്പ്യന്മാരുമായി. മെസ്സിയുടെ ഇരട്ട ഗോളുകൾക്കു പുറമേ, കുട്ടീന്വോ, ഇവാൻ റാക്കിറ്റിച് എന്നിവരും ഓരോ ഗോളുകൾ വീതം നേടി. ഇംഗ്ലിഷ് താരം ഹാരി കെയ്നും എറിക് ലമേലയുമാണ് ടോട്ടനമിന്റെ ഗോൾ സ്കോറർമാർ.

എന്നാൽ ചാമ്പ്യൻസ് ലീഗിൽ ജൈത്രയാത്ര തുടരുകയായിരുന്ന ലിവർപൂളിനെ നാപോളി പിടിച്ചു കെട്ടി. രണ്ടാം പകുതിയിലെ അധിക സമയത്ത് ലോറൻസോ ഇൻസിനെയിലൂടെ നേടിയ ഒരു ഗോളിനാണ് ലിവർപൂളിനെ നാപോളി പരാജയപ്പെടുത്തിയത്. തോൽവിയോടെ ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിന്നും മൂന്നിലേക്ക് പിന്തള്ളപ്പെട്ടു.

ഇന്റര്‍ മിലാന്‍ 2-1 പിഎസ്‌വിയെയും, പോര്‍ട്ടോ 1-0 ന് ഗാലറ്റസറേയെയും, ഡോര്‍മുണ്ട് 3-0 മൊണോക്കോയെയും പരാജയപ്പെടുത്തി. ക്ലബ് ബ്രൂഗെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അത്‍ലറ്റിക്കോ മാ‍ഡ്രിഡ് തോൽപ്പിച്ചത്. ഷാല്‍ക്കെ 1-0 ന് ലോക്കോമോട്ടിവ് മോസ്കോയ്ക്ക് എതിരെ വിജയം കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook