യൂറോപ്പിലിന്ന് ഗ്ലാമർ പോരാട്ടങ്ങളുടെ രാത്രിയാണ്. ചാന്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലീഷ് ഭീമൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും , സ്പാനിഷ് ക്ലബായ അത്ലറ്റിക്കൊ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഫ്രഞ്ച് ക്ലബായ എഎസ് മൊണാക്കോയാണ്. അത്ലറ്റിക്കൊ മാഡ്രിഡിന്റെ എതിരാളികൾ ജർമ്മൻ ക്ലാബായ ബയൺ ലെവക്യൂസനാണ്.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് അത്ര എളുപ്പമാകില്ല മൊണാക്കോയുമായിട്ടുള്ള മത്സരം. പരിക്ക് വേട്ടയാടിയ കാലങ്ങൾക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ റാഡമൽ ഫാൽക്കോയാണ് മൊണാക്കോയുടെ തുറുപ്പുചീട്ട്. ഗോളടി വീരൻ ഫാൽക്കാവോയെ പിന്തുണയ്ക്കാൻ ബ്രസീലുകാരൻ ഫാബീഞ്ഞോയും , പോർച്ചുഗലുകരാൻ ജാവോ മുട്ടീഞ്ഞോയുമുണ്ട്. എന്നാൽ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിറ്റിയുടെ യുവതുർക്കികൾ വിജയം ആവർത്തിക്കുമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള അവകാശപ്പെട്ടു.സിറ്റിനിരയിൽ കെവിൻ ഡിബ്രുയിനും ,സെർജിയോ അഗ്വേറോയുമൊക്കെ തകർപ്പൻ ഫോമിലാണ്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ജർമ്മൻ ക്ലബ് ബയേൺ ലെവക്യൂസനുമായി ഏറ്റമുട്ടും. ലൈവക്യൂസന്റെ തടകത്തിലാണ് ആദ്യ പാദം മത്സരം നടക്കുന്നത്.ചിച്ചാരിറ്റോ ഹെർണ്ണാഡസ് നയിക്കുന്ന ആക്രമണ നിരയാണ് ലെവക്യൂസന്റെ കരുത്ത്. ജർമ്മൻ കൗമാര താരം ലാർസ് ബെൻഡ്നറും , ഹക്കൻ ചാഗ്നലോഗുവും ഹെർണ്ണാഡസിനെ പിന്തുണയ്ക്കാൻ ഉണ്ടാകും.

മറുവശത്ത് അന്റോണയോ ഗ്രീൻസ്മനായിരിക്കും അത്ലറ്റിക്കോയുടെ ആക്രമണത്തിന് നേത്രത്വം വഹിക്കുക. ഗ്രീൻസ്മാൻ പന്തെത്തിച്ച് നൽകാൻ ഫെർണാൺഡോ ടോറസും നിക്കോളാസ് ഗെയ്താനുമുണ്ട്. ആദ്യപാദ മത്സരത്തിൽ ജർമ്മൻ ക്ലബിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും സിമിയോണിയുടെ കുട്ടികൾ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ സമയം നാളെ പുലർച്ച 1.15 നാണ് മത്സരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ