ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ വമ്പൻ ടീമുകൾക്ക് ജയം. കരുത്തരായ ബയേൺ മ്യൂണിക്കും യുവന്റസും നോക്കൗട്ടില്‍ പ്രവേശിച്ചു. ബെൻഫിക്കയെയും സെനിതിനെയും തോൽപ്പിച്ചാണ് ഇരുടീമുകളും നോക്കൗട്ട് പ്രവേശനം നേടിയത്.
മറ്റു മത്സരങ്ങളിൽ ചെൽസിയും ബാഴ്സലോണയും വിജയം കണ്ടെത്തിയപ്പോൾ അറ്റ്ലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനം നേടിയ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തുണയായത്. അറ്റ്ലാന്റയ്ക്കായി ജോസിഫ് ലിസിക്കും ദുവാൻ സപ്പട്ടയുമാണ് ഗോളുകൾ നേടിയത്.
ബെൻഫിക്കയെ അഞ്ചിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ മ്യൂണിക് തകർത്തത്. സൂപ്പർ താരം റൊബേർട്ട് ലെവൻഡോക്സിയുടെ ഹാട്രിക്ക് ഗോളുകളും സെര്‍ജിയോ നാബ്രി, ലിറോയ് സനെ എന്നിവരുടെ ഓരോ ഗോളുകളുമാണ് ബയേണിന് മികച്ച വിജയം സമ്മാനിച്ചത്. ബെന്‍ഫിക്കയ്ക്കായി മൊറോട്ടയും ഡാര്വിന് ന്യൂനസുമാണ് വല ചലിപ്പിച്ചത്.
സെനിതിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. പൗലോ ഡിബാലയുടെ ഇരട്ട ഗോളുകളും ഫെഡെറിക്കോ കിയേസ, ആല്‍വാരോ മൊറാട്ട എന്നിവരുടെ ഓരോ ഗോളുമാണ് യുവന്റസിന് ജയം സമ്മാനിച്ചത്.
ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് ഡൈനാമോ കിവിനെ പരാജയപ്പെടുത്തിയത്. അന്‍സു ഫാത്തിയുടെ വകയായിരുന്നു ഗോൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാൽമോയെയാണ് ചെൽസി വീഴ്ത്തിയത്.
Also Read: പിഎസ് ശ്രീജേഷും നീരജ് ചോപ്രയും അടക്കം 12 പേർക്ക് ഖേൽ രത്ന; 35 പേർക്ക് അർജുന