ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വാറ്റ്ഫോഡിനെതിരെ ചെൽസിക്ക് തകർപ്പൻ ജയം. 2 എതിരെ 4 ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ ചെൽസി വാറ്റ്ഫോഡിനെ തകർത്തത്. ചെൽസിക്കായി മിച്ചി ബാച്വായി ഇരട്ട ഗോളുകൾ നേടി.

സ്വന്തം മൈതാനത്ത് സ്പാനിഷ് താരം പെഡ്രോയുടെ തകർപ്പൻ ലോങ്റേഞ്ച് ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. ഹസാർഡിന്റെ പാസിൽ പെഡ്രോ തോടുത്ത മഴവിൽ ഷോട്ട് വാറ്റ്ഫോഡ് പോസ്റ്റിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ ഓക്കോറ ചെൽസിയെ സമനിലയിൽ പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പെരേയയുടെ ഗോളിലൂടെ വാറ്റ്ഫോർഡ് ചെൽസിയെ ഞെട്ടിച്ചു. 1-2 എന്ന നിലയിൽ ലീഡ്
എടുത്ത വാറ്റഫോർഡ് അട്ടിമറി ഭീഷണി ഉയർത്തി. എന്നാൽ അൽവാരോ മൊറാറ്റയ്ക്ക് പകരം ഫ്രഞ്ച് താരം മിച്ചി ബച്വായിയെ കളത്തിലിറക്കിയ അന്രോണിയ കോന്റയുടെ തന്ത്രം ഫലം കണ്ടു. 71 മിനുറ്റിൽ തകർപ്പൻ ഗോളിലൂടെ ബച്വായി സ്കോർ 2-2 എന്ന നിലയിലാക്കി.

87 മിനുറ്റിൽ സെസാർ അസ്പിലക്വേറ്റയുടെ ഗോളീലൂടെ ചെൽസി മുന്നിലെത്തി. വില്യന്റെ ക്രോസ് വാറ്റ്ഫോർഡിന്റെ വലയിലേക്ക് കുത്തിയിട്ട് അസ്പെലക്വേറ്റ ചെൽസിയുടെ വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ ബച്വായി ഒരിക്കൽക്കൂടി വാറ്റ്ഫോഡിന്റെ വലയിൽ പന്തെത്തിച്ച് ചെൽസിയുടെ വിജയം ഗംഭീരമാക്കി. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് സ്വന്തമാക്കിയ ചെൽസി നാലാം സ്ഥാനത്ത് എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ