ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു വി.സാംസണും ബേസിൽ തമ്പിയും ടീമിൽ ഇടംനേടിയില്ല. ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരുടെയും ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഇനിയും അവർക്ക് അനുഭവപരിചയം ആവശ്യമാണെന്നും അതിനുശേഷം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നുമായിരുന്നു ബിസിസിഐയുടെ മറുപടി.

ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡ്യേ.

ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ