ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ‘പുത്തന്‍ ഷോട്ടിന്’ ശ്രമിച്ച് അപഹാസ്യനായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വ. കൊളംബോയില്‍ നടക്കുന്ന മെര്‍ക്കന്റൈല്‍ പ്രീമിയര്‍ ലീഗിലാണ് സംഭവം. എംഎഎസ് യൂനിച്ചെല്ലയും ടിജെ ലങ്കയും തമ്മിലാണ് മത്സരം നടന്നത്.

സ്കൂപ്പ് ഷോട്ടിനാണ് ചമര സില്‍വെ ശ്രമിച്ചതെന്ന് പറഞ്ഞാല്‍ ലങ്കന്‍ താരം ദില്‍ഷന്‍ പോലും പൊറുക്കില്ല. അതിലും കഠിനമായൊരു ഷോട്ടിനാണ് താരം ശ്രമിച്ചത്. 37കാരനായ സില്‍വ സ്റ്റംമ്പ് ഉണ്ടെന്ന കാര്യം മറന്ന് പോയത് പോലെ സ്റ്റംമ്പിന് പിറകിലേക്ക് ഓടിപ്പോയതിന് ശേഷമാണ് പന്ത് ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ പന്ത് കൃത്യമായി കുറ്റിയും തെറിപ്പിച്ച് വിശ്രമിച്ചു. വീഡിയോ പുറത്തുവന്നതോടെ താരത്തെ സോഷ്യല്‍മീഡിയ ട്രോളുകളിലൂടെ കൈകാര്യം ചെയ്യുകയാണ്. വാതുവെയ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സില്‍വയെ രണ്ട് വര്‍ഷം വിലക്കിയിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ലീഗില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. നേരത്തേ വാതുവെയ്പില്‍ പിടിക്കപ്പെട്ട താരത്തെ ലങ്കന്‍ ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു.

ശ്രീലങ്കയിലെ പ്രാദേശിക ലീഗില്‍ പനദുര ക്രിക്കറ്റ് ക്ലബ്ബും കലുതര ഫിസിക്കല്‍ കള്‍ച്ചറല്‍ ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വാതുവെപ്പ് നടന്നത്. പിന്നീട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ