വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ താൻ നാല് വിക്കറ്റ് വീഴ്ത്തിയതിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കാണെന്ന് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. താൻ എത്രയധികം ഗൂഗ്ലികൾ എറിയുന്നുവോ അത്രയും കൂടുതൽ ലെഗ് ബ്രേക്കുകൾ ഫലപ്രദമാകുമെന്ന് മനസിലാക്കാൻ രോഹിത് സഹായിച്ചെന്ന് ചഹൽ പറഞ്ഞു.
ചഹലിന്റെ പ്രകടനത്തിന്റെ മികവിൽ വിൻഡീസിനെ 176 റൺസിന് പുറത്താക്കിയ ഇന്ത്യ, ആറ് വിക്കറ്റിന് ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു.
“കളിക്ക് മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു. മത്സരത്തിന് മുമ്പ് നിങ്ങൾ പറഞ്ഞ കാര്യം, ദക്ഷിണാഫ്രിക്കയിൽ എനിക്ക് നഷ്ടമായത്, ഞാൻ കൂടുതൽ ഗൂഗ്ലികൾ എറിഞ്ഞില്ലെന്നത്, അത് എന്റെ മനസ്സിലുണ്ടായിരുന്നു, ”ചഹൽ ‘ബിസിസിഐ ടിവി’ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ രോഹിതിനോട് പറഞ്ഞു.
“ഹാർഡ്-ഹിറ്റർമാർ പന്ത് തന്റെ ഏരിയയിലാണെങ്കിൽ, ഷോട്ടിനായി പോകുമെന്ന് ആദ്യമേ തീരുമാനിക്കും… അതിനാൽ, ‘കൂടുതൽ ഗൂഗ്ലികൾ എറിയുമ്പോൾ, നിന്റെ ലെഗ് സ്പിൻ കൂടുതൽ ഫലപ്രദമാകും’. എന്ന് നിങ്ങൾ പറഞ്ഞപ്പോൾ, ഞാൻ ആ രീതിയിൽ നെറ്റ്സിൽ നിങ്ങൾക്ക് ബൗൾ ചെയ്തു, എനിക്ക് അപ്പോൾ അത് മനസ്സിലായി, ”31-കാരനായ ചഹൽ വിശദീകരിച്ചു.
ടീമിൽ ഇല്ലാതിരുന്ന സമയത്ത് തന്റെ ബൗളിംഗ് ആംഗിളുകൾ മാറ്റാൻ ശ്രമം നടത്തിയെന്നും ചഹൽ പറയുന്നു.
“ഞാൻ എന്റെ ആംഗിളുകൾ മാറ്റി, ഇവിടെ സ്ലോ വിക്കറ്റുകളുണ്ട്. ഞാൻ ടീമിൽ ഇല്ലാതിരുന്നപ്പോൾ, എന്തൊക്കെ മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഈ വിക്കറ്റുകളിൽ സൈഡ്-ആം ഉപയോഗിക്കുന്ന മറ്റ് ബൗളർമാരെ ഞാൻ കണ്ടു. ഞാൻ നെറ്റ്സിൽ പന്തെറിയുമ്പോൾ, പന്ത് വേഗത്തിൽ നീങ്ങുന്നതും നിങ്ങൾക്ക് കൂടുതൽ കൈത്തണ്ട ആവശ്യമായി വരുന്നതും ഞാൻ ശ്രദ്ധിച്ചു,” അദ്ദേഹം വിശദീകരിച്ചു.
നിക്കോളാസ് പൂരനെ പുറത്താക്കി, ഞായറാഴ്ച തന്റെ നൂറാം ഏകദിന വിക്കറ്റ് നേടിയ ഹരിയാന താരം, ആ നാഴികക്കല്ല് നല്ലൊരു അനുഭവമാണെന്ന് പറഞ്ഞു.
“ഏകദിനത്തിൽ 100 വിക്കറ്റ് വീഴ്ത്തുക എന്നത് ഒരു നല്ല അനുഭവമാണ്. എന്റെ അഞ്ച് വർഷത്തെ കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഏത് ഫോർമാറ്റിലും 100 വിക്കറ്റ് വീഴ്ത്താൻ കഴിയുന്നത് ഒരു നല്ല അനുഭവമാണ്, അത് വലിയ കാര്യമാണ്. അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു,” ചഹൽ പറഞ്ഞു.