ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുമ്പ് മറ്റൊരു കുട്ടിക്രിക്കറ്റ് പൂരത്തിന് അടുത്ത മാസം തുടക്കമാകും. കരീബിയൻ പ്രീമിയർ ലീഗാണ് അടുത്ത മാസം ആരംഭിക്കുന്നത്. ഓഗസ്റ്റ് 18 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ബാർബഡോസ് ആൻഡ് ട്രിനിഡാഡ് സെന്ര് കിറ്റ്സിനെ നേരിടും. 33 മത്സരങ്ങളടങ്ങുന്ന ടൂർണമെന്റിന്റെ കലാശപോരാട്ടം സെപ്റ്റംബർ പത്തിനാണ്.

സിപിഎൽ ചീഫ് എക്സിക്യൂട്ടീവാണ് മത്സരക്രമം സംബന്ധിച്ച അന്തിമ തീരുമാനം അറിയിച്ചത്. രണ്ട് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ ഹോം ഗ്രൗണ്ടായ ബ്രയൺ ലാറ ക്രിക്കറ്റ് അക്കാദമിയിലാണ് ഫൈനലും സെമിഫൈനലും ഉൾപ്പടെ 23 മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അവശേഷിക്കുന്ന പത്ത് മത്സരങ്ങൾ ക്വൂൺസ് പാർക്ക് ഓവലിലെ പോർട്ട് ഓഫ് സ്‌പെയിനിലുമായിരിക്കും നടക്കുക.

Also Read: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ടീമാണ് ഇംഗ്ലണ്ടിനെ നേരിട്ടത്. ആദ്യ മത്സരത്തിൽ തന്നെ ആതിഥേയരെ പരാജയപ്പെടുത്തിയ വിൻഡീസ് ടീം മടങ്ങിയെത്തുന്നതോടെ പ്രീമിയർ ലീഗിന് തുടക്കം കുറിക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തുന്ന താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റൈനും പൂർത്തിയാക്കേണ്ടതുണ്ട്.

ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ ബയോ സെക്യൂർ പരിസ്ഥിതിയിൽ പൊതുജനങ്ങളുമായി യാതൊരു ബന്ധവും താരങ്ങൾക്ക് ഉണ്ടാകാത്ത തരത്തിൽ മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Also Read: ഐപിഎല്ലില്‍ പരാജയപ്പെട്ടാല്‍ ധോണിയുടെ വാതില്‍ അടയും

സെപ്റ്റംബർ 19നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന്റെ കലാശപോരാട്ടം നവംബർ 8ന് ആയിരിക്കുമെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവച്ചതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള സാധ്യതകൾ സജീവമായത്. ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് യുഎഇയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook