ന്യൂഡല്‍ഹി. വിരാട് കോഹ്ലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമായെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെയാണ് ഗംഭീറിന്റെ വാക്കുകള്‍.
കോഹ്ലി മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ. എല്‍. രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക. ബുധനാഴ്ചയാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക.
“ക്യാപ്റ്റന്‍ സ്ഥാനം ആരുടേയും ജന്മാവകാശമല്ല. എം.എസ്. ധോണിയില്‍ നിന്നാണ് കോഹ്ലിക്ക് സ്ഥാനം ലഭിച്ചത്. മൂന്ന് ഐസിസി കിരീടങ്ങളും നാല് ഐപിഎല്‍ ട്രോഫിയും നേടിയിട്ടുള്ള നായകനാണ് ധോണി, അദ്ദേഹം കോഹ്ലിക്ക് കീഴില്‍ കളിച്ചിരുന്നു,” ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ പറഞ്ഞു.
“കോഹ്ലി കൂടുതല്‍ റണ്‍സ് നേടണം. ഇന്ത്യയ്ക്കായി കളിക്കമ്പോള്‍ അതാണ് പ്രധാനം. നിങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കുന്നതാണ് സ്വപ്നം കാണേണ്ടത്. നായകന് ആകുന്നതല്ല. എപ്പോഴും ഇന്ത്യയെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് എല്ലാവര്ക്കും വേണ്ടത്. ടോസിനായി പോകുന്നതും, ഫീല്‍ഡിങ് സജ്ജീകരിക്കുന്നതും മാത്രമാണ് ഒരു ക്യാപ്റ്റന്‍ അധികമായുള്ളത്,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിലെ കോഹ്ലിയുടെ റോളിന് മാറ്റമുണ്ടാകില്ലെന്നും ഗംഭീര്‍ പറഞ്ഞു. “ക്യാപ്റ്റന്‍ ആയിരുന്നപ്പോഴും ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തെത്തി റണ്‍സ് കണ്ടെത്തുകയായിരുന്നു കോഹ്ലിയുടെ ഉത്തരവാദിത്വം. രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങി എത്തിക്കഴിഞ്ഞാല്‍ കോഹ്ലിയുടെ റോളിന് മാറ്റമുണ്ടാകില്ല,” ഗംഭീര്‍ വ്യക്തമാക്കി.
Also Read: അവസരം ലഭിച്ചാല്‍ ടീമിനെ നയിക്കാന്‍ തയ്യാര്‍: ബുംറ