ന്യൂഡല്‍ഹി : സുനില്‍ ഛേത്രി എന്നത് ഇന്ത്യന്‍ ഫുട്ബാളിനെ സംബന്ധിച്ചടുത്തോളം ഒരു കാലഘട്ടമാണ്. 2005ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ഛേത്രിക്ക് മുന്നിലുണ്ടായത് ഐഎം വിജയനെപ്പോലൊരു ഇതിഹാസത്തിന്‍റെ വിടവ് നികത്തുക എന്ന ഉത്തരവാദിത്തം കൂടിയിരുന്നു. ജെസിടിയുടെ സ്ട്രൈകറായി തിളങ്ങിനിന്ന ഇരുപത്തൊന്നുകാരന്‍ എവിടെയും പിഴച്ചില്ല. തൊട്ടതൊക്കെ ഗോളാക്കി മാറ്റിക്കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന്റെ പടക്കുതിര ചരിത്രം കുറിച്ചുതുടങ്ങുകയായിരുന്നു.


ഛേത്രിക്ക് ജന്മദിനം നേര്‍ന്നുകൊണ്ട് സികെ വിനീതിന്‍റെ ട്വീറ്റ്


റിനോ ആന്‍റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

2005 മുതല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിദ്ധ്യമായ സുനില്‍ ഇന്നുവരെ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ബൂട്ടണിയുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്ത താരമാണ്. 94 കളികളില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി 54 ഗോളുകള്‍ നേടിയ സുനില്‍ ഛേത്രിയുടെ ഗോള്‍ ശരാശരി രാജ്യാന്തര മത്സരങ്ങളില്‍ മെസ്സിയുടേയും ക്രിസ്ത്യാനോ റോണാള്‍ഡോയുടെ റെക്കോഡിനെക്കാള്‍ മികച്ചതാണ്. റൊണാള്‍ഡോയും മെസ്സിയും അമേരിക്കയുടെ ക്ലിന്റ് ഡെമ്പ്സിയും മാത്രമാണ് നിലവില്‍ കളിക്കുന്നവരില്‍ സുനില്‍ ഛേത്രിയേക്കാള്‍ കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ ഉള്ളവര്‍. ഈ കണക്കുകള്‍ തന്നെയാണ് സുനില്‍ ഛേത്രി എന്ന ഇതിഹാസതാരത്തെ അടയാളപ്പെടുത്തുന്നതും.

2003ല്‍ മോഹന്‍ ബഗാന്‍റെ ജേഴ്സിയിലാണ് ഛേത്രി പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്. മോഹന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെമ്പോ, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദര്‍സ്, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും. വിദേശ ക്ലബ്ബുകളായ കാന്‍സാസ് സിറ്റി വിസാര്‍ഡ്സിനും സ്പോര്‍ട്ടിങ് ക്ലബ് ഡി പോര്‍ച്ചുഗല്‍ ബിക്കു വേണ്ടിയും ഛേത്രി ബൂട്ടണിഞ്ഞിട്ടുണ്ട്. നാലു തവണ ഐ ലീഗ് കിരീടം, രണ്ടുതവണ ഫെഡറേഷന്‍ കപ്പ്, ഒരു തവണ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ കപ്പില്‍ റണ്ണര്‍ അപ്പ് തുടങ്ങി ഏറെ നേട്ടങ്ങള്‍ കുറിച്ചിട്ടുണ്ട് സുനില്‍ ഛേത്രിയെന്ന ഇന്ത്യന്‍ ഫുട്ബോളിന്‍റെ നായകന്‍.

ഓരോ തവണയും അപ്രതീക്ഷിതമായി ബോക്സിലേക്ക് പന്തുമായി ചീറിപ്പാഞ്ഞും, മനോഹരമായ സെറ്റ് പീസുകളിലൂടെ കണ്‍കുളിര്‍പ്പിക്കുമാര്‍ വലനിറച്ചും കൂടെ കളിക്കുന്ന ഓരോരുത്തരെയും പ്രോത്സാഹിപ്പിച്ചും പ്രചോദനമായിക്കൊണ്ടും ഈ ഇന്ത്യന്‍ പടക്കുതിര ഓട്ടം തുടരുക തന്നെയാണ്. മുപ്പത്തിമൂന്നിന്റെ നിറവിലെത്തി നില്‍ക്കുന്ന സുനില്‍ ഛേത്രിക്ക് ജന്മദിനാശംസകള്‍!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ