/indian-express-malayalam/media/media_files/uploads/2023/06/Moideen-Kutty.jpg)
മൊയ്ദീന് കുട്ടി
ആരാണ് മൊയ്ദീന്‍ കുട്ടി?
പാക്കിസ്ഥാന്, അവരുടെ ദേശീയ ഫുട്ബോള്‍ ടീമിന്റെ നാലാമത്തെ ക്യാപ്റ്റനായിരുന്നു മൊയ്ദീന്‍ കുട്ടി. സെന്റര്‍ ഫോര്‍വേഡായി കളിച്ചിരുന്ന മൊയ്ദീന്‍ ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു. ഭാവി താരങ്ങളെ വാര്‍ത്തെടുത്ത പരിശീലകനും.
എന്നാല്‍ മലപ്പുറംകാര്‍ക്ക് മൊയ്ദീന്‍ 'ഇരുമ്പനാ'യിരുന്നു. നഗ്നപാദത്താല്‍ മൊയ്ദീന്‍ തൊടുത്ത ഷോട്ടുകളെ ഗോള്‍ പോസ്റ്റുകള്‍ പോലും ഭയപ്പെട്ടിരുന്നു. മൊയ്ദീനെ നേരിടാന്‍ ഗോള്‍ കീപ്പര്‍മാര്‍ പോലും മടിച്ചിരുന്ന കാലമായിരുന്നു അത്.
സാഫ് ചാമ്പ്യന്‍ഷിപ്പിനായി നീണ്ട ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ മൊയ്ദീന്‍ കുട്ടിയുടെ ജീവിതം കൂടി അറിയാണം.
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡെന്‍സിയുടെ കീഴില്‍ മലപ്പുറത്തായിരുന്നു മൊയ്ദീന്റെ ജനനം. സ്കൂള്‍ കാലഘട്ടം മുതല്‍ ഫുട്ബോളായിരുന്നു മൊയ്ദീനെല്ലാം. സ്കൂള്‍ ടീമിനെ ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിക്കുക എന്നത് മൊയ്ദീന്റെ ശീലമായിരുന്നു. 1944-ല്‍ ബാംഗ്ലൂരിലെ റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്ന മൊയ്ദീന്‍ ആദ്യമായി ബൂട്ടിട്ട് കാല്‍പന്ത് തട്ടി. വൈകാതെ തന്നെ റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഫൂട്ബോളില്‍ ടീമിലെ പ്രധാനിയായി മൊയ്ദീന്‍.
/indian-express-malayalam/media/media_files/uploads/2023/06/kutty-1.jpg)
മൊയ്ദീന് എങ്ങനെ പാക്കിസ്ഥാനില്‍ എത്തിപ്പെട്ടു?
മൊയ്ദീനുമായി സൗഹൃദം പുലര്‍ത്തിയിരുന്ന വളരെ കുറച്ച് പേര്‍ മാത്രമാണ് ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിപ്പുള്ളത്. മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ഭാഗമായിരുന്ന അഹമ്മദ് കുട്ടി മൊയ്ദീനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
1947-ല്‍ വിഭജനം സംഭവിച്ചപ്പോള്‍ മൊയ്ദീന്‍ കുട്ടി റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഭാഗമായിരുന്നു. മൊയ്ദീന്റെ ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും വടക്കന്‍ പഞ്ചാബ് ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. പ്രസ്തുത പ്രദേശമാണ് പിന്നീട് പാക്കിസ്ഥാനായി രൂപം കൊണ്ടത്. അവരോടൊപ്പം കളി തുടരുന്നതിനായി മൊയ്ദീനും പാക്കിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന്റെയൊ വിഭജനത്തിന്റെയൊ പ്രത്യഘാതങ്ങള്‍ മൊയ്ദീന് അറിയില്ലായിരുന്നു, അഹമ്മദ് കുട്ടി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദം പുലര്‍ത്തുമെന്നും അതിര്‍ത്തി കടക്കുക എളുപ്പമായിരിക്കുമെന്നും മൊയ്ദീന്‍ വിശ്വസിച്ചു. പിന്നീടായിരുന്നു മൊയ്ദീന് തീരുമാനം തെറ്റിപ്പോയി എന്ന വസ്തുത മനസിലായതും ഇന്ത്യയും പാക്കിസ്ഥാനും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം ശത്രുത പുലര്‍ത്തി മുന്നോട്ട് പോകുമെന്ന് തിരിച്ചറിവുണ്ടായതും, അഹമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു.
പിന്നീട് മൊയ്ദീന്‍ റോയല്‍ പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സിന്റെ ഭാഗമാകുകയും അവിടെ ഫുട്ബോള്‍ കളിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയും ഭാഗമായ 1952-ലെ ഏഷ്യന്‍ ക്വാഡ്രാങ്കുലര്‍ ടൂര്‍ണമെന്റിലാണ് മൊയ്ദീന്‍ പാക്കിസ്ഥാന് വേണ്ടി അരങ്ങേറിയതെന്ന് കേരളത്തിലെ ഫുട്ബോള്‍ ചരിത്രകാരനായ ജാഫര്‍ ഖാന്‍ തന്റെ പുസ്തകമായ പന്ത് പറഞ്ഞ മലപ്പുറം കിസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ബര്‍മ, സിലോണ്‍ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. സിലോണിനെതിരെ ഗോള്‍ നേടിയായിരുന്നു മൊയ്ദീന്‍ തന്റെ വരവറിയിച്ചത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ (1953) സിലോണിനെതിരെ ഇരട്ടഗോളും മൊയ്ദീന്റെ ബൂട്ടുകളില്‍ നിന്ന് പിറന്നു.
/indian-express-malayalam/media/media_files/uploads/2023/06/kutty-and-sons.jpg)
1954-ല്‍ കല്‍ക്കട്ടയായിരുന്നു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. കൊളൊമ്പൊ കപ്പെന്നായിരുന്നു ടൂര്‍ണമെന്റ് അന്ന് അറിയപ്പെട്ടത്. അന്ന് സ്വന്തം മണ്ണില്‍ തന്റെ കരിയറിലാദ്യമായ ഇന്ത്യക്കെതിരെ മൊയ്ദീന്‍ ബുട്ടുകെട്ടി. ഒരുലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ 1-3 എന്ന സ്കോറിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടു.
1954 മണിലയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു മൊയ്ദീന്‍ കുട്ടി പാക്കിസ്ഥാന്റെ ക്യാപ്റ്റനായി നിയമിതനായത്. സിംഗപ്പൂരിനെതിരായ മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും നല്‍കിയായിരുന്നു തുടക്കം. 6-2 എന്ന സ്കോറിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. 1950-കളില്‍ പാക്കിസ്ഥാന്‍ സര്‍വീസസ് ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്നു മൊയ്ദീന്‍. ആര്‍മി ഫുട്ബോള്‍ ടൂര്‍ണമെന്റിലായിരുന്നു സര്‍വീസസ് ടീമില്‍ ഉള്‍പ്പെട്ടത്. ഇന്ത്യ, ഇറാന്‍, തുര്‍ക്കി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ ഉള്‍പ്പെട്ടിരുന്നു.
1956-ല്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം പരിശീലകന്റെ കുപ്പായം മൊയ്ദീന്‍ അണിഞ്ഞു. പാക്കിസ്ഥാന്‍ സര്‍വീസസ്, എയര്‍ ഫോഴ്സ് ടീമുകളെ പരിശീലിപ്പിച്ചു. 12 വര്‍ഷം നീണ്ട പരിശീലക കരിയറില്‍ പാക്കിസ്ഥാന്റെ സീനിയര്‍ ടീം, യൂത്ത് ടീം എന്നിങ്ങനെ നിരവധി ടീമുകളെ കളി പഠിപ്പിച്ചു മലപ്പുറംകാരന്‍.
കായിക മേഖലയ്ക്കുള്ള സംഭാവനയ്ക്ക് പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ് പുരസ്കാരം 1969-ല്‍ മൊയ്ദീന് ലഭിച്ചു.
2010-ല്‍ പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡോണ്‍ രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പാക്കിസ്ഥാന്റെ മികച്ച താരങ്ങളുടെ പട്ടികയില്‍ മൊയ്ദീന്റെ പേരുമുണ്ടായിരുന്നു. മൊയ്ദീന്‍ കുട്ടിയുടെ പത്നി സൈനബ 1987-ല്‍ മരണപ്പെട്ടു. മലപ്പുറം സ്വദേശിയായിരുന്നു സൈനബയും.
നടപടിക്രമങ്ങളിൽ തടസങ്ങൾ ഏറെയുണ്ടെങ്കിലും 1980-കളിലും 90-കളിലും അമ്മയെയും സഹോദരങ്ങളെയും കാണാൻ മൊയ്ദീന്‍ മലപ്പുറത്ത് വരാറുണ്ടായിരുന്നുവെന്ന് സൈനബയുടെ ബന്ധുവായ അഹമ്മദ് കുട്ടിയെ അനുസ്മരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.