ഇന്ത്യൻ ദേശീയ ടി20 ടീമിന്റെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ തന്റെ പിൻഗാമിയായി മാറുമെന്നതിൽ സ്ഥിരീകരണവുമായി വിരാട് കോഹ്ലി. സീനിയർ ഓപ്പണർ “കുറച്ചുകാലമായി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്” എന്ന് പറഞ്ഞു.
വൈറ്റ് ബോൾ ഫോർമാറ്റിൽ വൈസ് കാപ്റ്റൻ ആയ രോഹിത്, നവംബർ 19 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇന്ത്യയുടെ ടി20 നേതൃത്വം ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.
“ടീം എങ്ങനെ കളിച്ചു എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ഈ ടീമിനെ മുന്നോട്ട് നയിക്കാനുള്ള അടുത്ത ഘട്ടത്തിലെ അവസരമാണിതെന്ന് ഇപ്പോൾ ഞാൻ കരുതുന്നു. വ്യക്തമായും രോഹിത് ഇവിടെയുണ്ട്, അദ്ദേഹം ഇപ്പോൾ കുറച്ചുകാലമായി കാര്യങ്ങൾ ശ്രദ്ധിക്കുന്നു,” നമീബിയയ്ക്കെതിരായ ഇന്ത്യയുടെ അവസാന ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ടോസ് ചെയ്യുന്നതിനിടെ കോഹ്ലി പറഞ്ഞു.
“ഇത് എനിക്ക് ഒരു ബഹുമതിയാണ്, എനിക്ക് അവസരം ലഭിച്ചു, എന്റെ പരമാവധി ചെയ്യാൻ ഞാൻ ശ്രമിച്ചു. എന്നാൽ കുറച്ച് ഇടം സൃഷ്ടിച്ച് മുന്നോട്ട് പോകാനുള്ള സമയമാണിത്,” കോഹ്ലി പറഞ്ഞു.
ബൗളിംഗ് കോച്ച് ഭരത് അരുൺ ഉൾപ്പെടെയുള്ള മറ്റ് ചില സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ കാലാവധിയും ഇന്നത്തെ മത്സരത്തോടെ അവസാനിക്കുകയാണ്.
ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് മാസങ്ങൾക്ക് മുൻപ് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. തന്റെ ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു.
സമീപഭാവിയിൽ കോഹ്ലിക്ക് ഏകദിന നേതൃസ്ഥാനവും നഷ്ടമായേക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്.