ക്രിക്കറ്റ് ലോകത്ത് ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റനായിരിക്കെയും കളിക്കാരനായിരിക്കെയും മൈതാനത്തെ ശാന്തതയ്ക്ക് പേരുകേട്ട ധോണി, പല നിർണ്ണായക ഘട്ടത്തിലും സമ്യമനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. പക്ഷെ ഇന്നലെ കര്യങ്ങൾ മറിച്ചായിരുന്നു.

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യാകപ്പ്‌ സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഏറെ നാളുകൾക്ക് ശേഷം ക്യാപ്റ്റൻസിയിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റനെ കൂളാക്കി നിർത്തുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതോടെ ധോണിക്ക് ശാന്തത നഷ്ടപ്പെട്ടു. ഒന്നല്ല, പല തവണ.

ഇന്ത്യയുടെ യുവ ബോളിങ് നിരയാണ് ക്യാപ്റ്റന്റെ ശാന്തതയുടെ നൂൽ ആദ്യം പൊട്ടിച്ചത്. അനാവശ്യ സമ്മർദ്ദത്തിൽ എക്സ്‌ട്രാ റണ്ണുകൾ വഴങ്ങിയതും റൺറേറ്റ് ഉയർന്നതും തുടക്കത്തിലെ ധോണിയെ അസ്വസ്ഥനാക്കി. സാവധാനം ധോണിയുടെ ഭാവത്തിലും അത് വ്യക്തമായി തുടങ്ങി.

പിന്നാലെ തന്റെ ബോളിങ്ങിൽ യുവ സ്പിന്നർ കുൽദീപ് യാദവ് ഫീൽഡിങ് മാറ്റം ആവശ്യപ്പെട്ടതും ധോണിയെ ചൊടിപ്പിച്ചു. എന്നാൽ കുൽദീപിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഫീൽഡ് ചെയ്ഞ്ച് വരുത്താൻ ധോണി തയ്യാറായില്ലെന്നു മാത്രമല്ല ”നീ ബോളെറിയുന്നോ അല്ലെങ്കിൽ ബോളറെ മാറ്റും” എന്നായിരുന്നു കുൽദീപിനോട് ധോണി പറഞ്ഞത്. ധോണിയുടെ ഈ കമന്റ് സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്.

അഫ്ഗാൻ ഇന്നിങ്സിന്റെ നാൽപ്പത്തിയേഴാം ഓവറിലായിരുന്നു മറ്റൊരു സംഭവം. ഇത്തവണ ദിനേഷ് കാർത്തിന്റെ അനാവശ്യ ഓവർ ത്രോയിൽ നിന്ന് അഫ്ഗാൻ താരങ്ങൾ ഒരു റൺസ് അധികം നേടിയതാണ് ധോണിയെ വീണ്ടും ചൊടിപ്പിച്ചത്. അഫ്ഗാനിസ്ഥാന് അനാവശ്യമായ റൺസ് വിട്ടുനൽകിയതോടെ കാർത്തിക്കിനോടും താരം തന്റെ രോക്ഷം വ്യക്തമാക്കി.

Read Also; ‘നീ ബോളെറിഞ്ഞാൽ മതി’, ഫീൽഡ് ചെയ്ഞ്ചിന് കൈകാണിച്ച കുൽദീപിന് ധോണിയുടെ മറുപടി

തുടക്കം മുതൽ താരം അസ്വസ്ഥനായിരുന്നു. ടീം എത്ര സമ്മർദ്ദത്തിൽ ആയിരുന്നാലും വളരെ കൂളായി സാഹചര്യങ്ങളെ നേരിടുന്ന ധോണി ഇക്കാര്യത്തിൽ മറ്റുള്ള താരങ്ങൾക്ക് മാതൃകയാണ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ക്യാപ്റ്റൻസിയിൽ തിരിച്ചെത്തിയ ധോണി പക്ഷെ പഴയ പോലെ കൂളായിരുന്നില്ല എന്നതാണ് വാസ്തവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook