ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെതിരെ നാല് ഓവറില്‍ കേവലം 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റ രണ്ടാം ഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനവും. യുസ്വേന്ദ്ര ചഹലിനെ എന്തുകൊണ്ട് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം ശക്തമാവുകയാണ്. താരത്തിനായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗും ചേര്‍ന്നിരിക്കുകയാണ്. ക്രിക്ബസിന് നല്കിയ അഭിമുഖത്തിലായിരുന്നു സേവാഗിന്റെ പ്രതികരണം.
“ചഹല്‍ നേരത്തെയും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ട്വന്റി ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് മനസിലാകുന്നില്ല. സെലക്ടര്‍മാര്‍ ഇതിന് വിശദീകരണം നല്‍കണം. രാഹുല്‍ ചഹര്‍ എത്ര മികവോടെ ശ്രിലങ്കയില്‍ പന്തെറിഞ്ഞു എന്നുള്ളതല്ല പ്രധാനം. ഇപ്പോള്‍ ചഹലിന്റെ പ്രകടനം നോക്കൂ. ട്വന്റി 20യില്‍ ഏതൊരു ടീമിനും ശക്തിപകരുന്ന താരമാണ് ചഹല്‍. ട്വന്റി 20യില്‍ എങ്ങനെ പന്തെറിയണമെന്നും വിക്കറ്റ് എടുക്കണമെന്നും ചഹലിനറിയാം,” സേവാഗ് വ്യക്തമാക്കി.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചഹലിന്റെ പേരില്ലാതിരുന്നത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ചഹലിന് പകരമായി വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍, രവിചന്ദ്രന്‍ അശ്വിന് എന്നിവരാണ് ടീമില്‍ ഇടം നേടിയത്. അശ്വിന് അവസാനമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇറങ്ങിയത് 2017 ലാണ്. മുതിര്‍ന്ന താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ടീം സെലക്ഷനെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.