ന്യൂഡല്‍ഹി: മലയാളി ഫുട്ബോൾ താരം സി.കെ.വിനീതിനെ നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം ജോലിയില്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് കായികമന്ത്രാലയം അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്തു.

ഓഡിറ്റർ തസ്തികയിലായിരുന്നു സി.കെ.വിനീതിന് ജോലി. എന്നാൽ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെ തിരക്കിനിടയിൽ അദ്ദേഹത്തിന് ഓഫീസിൽ എത്താൻ സാധിച്ചിരുന്നില്ല. എജീസ്‌ ഓഫിസില്‍ സ്പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിച്ച വിനീത് കുറച്ചുകാലമായി അവധിയിലാണ്. അവധിയിലായിരുന്ന കാലയളവിലും ദേശീയ ടീമിലും ബെംഗളൂരു എഫ്‌സിക്കും കേരളാ ബ്ലാസ്റ്റേഴ്സിനും വേണ്ടി വിനീത് കളിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് തനിക്ക് പുതുതായി ഒന്നുമറിയില്ല എന്നാണ് ഇതുസംബന്ധിച്ച് സി.കെ.വിനീത് പ്രതികരിച്ചത്.

അതിനിടയില്‍ സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് കായികമന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്‍റെ തീരുമാനം വന്നശേഷം കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുപറഞ്ഞതായി സി.കെ. വിനീത് പറഞ്ഞിരുന്നു.

Read More: പ്രൊഫഷണൽ ഫുട്ബോൾ താരത്തിന് സർക്കാർ ജോലി? ഒരു ഗുണപാഠകഥ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ