വീണ്ടും വിവാദമായി ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം. വിവാദങ്ങള്‍ കൊണ്ട് തലക്കെട്ടില്‍ ഇടം നേടിയ പരമ്പരയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് ഓസീസ് താരം കാമറൂണ്‍ ബാന്ക്രോഫാണ്. പന്തില്‍ കൃത്രിമത്വം കാണിക്കുന്ന ബാന്ക്രോഫിന്റെ ദൃശ്യങ്ങള്‍ പുറത്തായിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കായി എബി ഡിവില്യേഴ്സും എയ്ഡന്‍ മര്ക്ക്രമും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പോര്‍ട്ടീസ് താരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ ഓസീസ് ടീം നന്നായി വെളളം കുടിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ മഞ്ഞ നിറത്തിലുള്ള ചിപ്പ് പോലുള്ള വസ്തുകൊണ്ട് ബാന്‍ക്രോഫ് പന്ത് ചുരണ്ടുകയായിരുന്നു.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന് വ്യക്തമായതോടെ സബ്സ്റ്റിയൂട്ട് ഫീല്‍ഡറിലൂടെ ഓസീസ് ടീം അധികൃതര്‍ താരത്തിന് സന്ദേശം അയക്കുകയായിരുന്നു. പകരക്കാരനായെത്തിയ ഫീല്‍ഡര്‍ ബാന്ക്രോഫിന് അരികിലായിരുന്നു നിന്നത്. താരവുമായി സംസാരിച്ചതിന് പിന്നാലെ ബാന്‍ക്രോഫ് തന്റെ പോക്കറ്റില്‍ നിന്നും മഞ്ഞ വസ്തു എടുത്ത് പാന്റ്സിന് ഉള്ളിലേക്ക് ഇടുന്നതായി വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതീഷേധമാണ് ഉയരുന്നത്. ടീം ക്യാപ്റ്റനും മാനേജുമെന്റുമെല്ലാം നടപടിയ്ക്ക് വിധേയരാകേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം താരത്തേയും ഓസീസ് ടീമിനേയും വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.