ന്യൂഡല്‍ഹി: രാഷ്ട്രീയ സമ്മര്‍ദമോ മാധ്യമ ഇടപെടലോ കാരണം ടോക്കിയോ ഒളിംപിക്‌സ് മാറ്റിവയ്ക്കില്ലെന്നും തുടര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) മുന്‍ ഉദ്യോഗസ്ഥൻ മൈക്കല്‍ പെയ്ന്‍.പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമാണ് ഒളിംപിക്‌സിനുള്ളതെന്ന് രണ്ടു പതിറ്റാണ്ടോളം ഐഒസി മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സ് മാനേജറായിരുന്ന മൈക്കല്‍ പെയ്ന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നത് ഒളിംപിക്‌സ് നടത്തിപ്പിന്റെ ഭാഗമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നിരുന്നു. 2018ലെ പ്യോങ്ചാങ് ശൈത്യകാല ഒളിംപിക്‌സിലും സമാന അനുഭവമായിരുന്നു. അന്ന് ഒളിംപിക്‌സ് നടക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേയാണ് കൊറിയന്‍ മുനമ്പില്‍ രാഷ്ട്രീയ പ്രതിസന്ധിയുയര്‍ന്നതും ആണവയുദ്ധത്തിനടക്കമുള്ള സാധ്യതകളിലേക്ക് നീങ്ങിയതും. എന്നാല്‍ ശൈത്യകാല ഒളിംപിക്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

Also Read: ഷട്ടോരിയുടെ സേവനത്തിന് ഷട്ടറിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്, ബഗാന്‍ പരിശീലകന്‍ കേരളത്തിലേക്ക്‌

മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും പറയുന്ന കാര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കേണ്ടതില്ലെന്ന് പ്യോങ്ചാങ്ങില്‍ വ്യക്തമായതാണ്. ഒളിംപിക്‌സിന് ഇനി നാലുമാസം കൂടിയുണ്ട്. രണ്ടര മാസത്തില്‍ ലോകം സാധാരണ നിലയിലേക്ക് വരികയാണെങ്കില്‍ ഇപ്പോള്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുന്നത് എത്ര മണ്ടത്തരമായിരിക്കുമെന്നും പെയ്ന്‍ പറഞ്ഞു.

സ്‌പെയിനില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാറ്റലോണിയയിലെ കോസ്റ്റ ബ്രാവയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് പെയ്ന്‍. ഒളിംപിക്‌സുമായി മുന്നോട്ടു പോവാനുള്ള തീരുമാനം നിരുത്തരവാദപരമാണെന്ന് ഐഒസി അത്‌ലറ്റ്‌സ് കമ്മിഷന്‍ അംഗം ഹെയ്‌ലി വിക്കെനെയ്‌സര്‍ അഭിപ്രായപ്പെട്ടിരുന്നു. കായിക താരങ്ങളില്‍ നിന്നും ഐഒസിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ഒളിംപിക്‌സ് റദ്ദാക്കുന്നത് ചര്‍ച്ചയായില്ല

കഴിഞ്ഞ ദിവസം ചേര്‍ന്ന ഒളിംപിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തില്ലെന്ന് സമിതി പ്രസിഡന്‍ഡ് തോമസ് ബാച്ച് പ്രതികരിച്ചു. ഗെയിംസിന് നാലുമാസം ശേഷിക്കേ വലിയ തീരുമാനങ്ങളൊന്നും വേണ്ട എന്നതായിരുന്നു യോഗത്തിലുയര്‍ന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നീട്ടിവയ്ക്കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ യുവേഫ തീരുമാനിച്ചിരുന്നു. ഇതിനു ശേഷം ഒളിംപിക്‌സ് നിട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഒസിയിലും സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.

Also Read: കോവിഡ് 19: ജപ്പാന്റെ ലക്ഷ്യം സമ്പൂര്‍ണ ഒളിമ്പിക്‌സ് തന്നെയെന്ന് മന്ത്രി

ടോക്കിയോ ഒളിംപിക്‌സ് മേധാവി കൊറോണ ബാധിതനായ ഉദ്യോഗസ്ഥനൊപ്പം റഗ്ബി ലോകകപ്പ് യോഗത്തില്‍

ടോക്കിയോ ഒളിംപിക്‌സ് മേധാവി യോഷിറോ മോറി കൊറോണ ബാധിതനായ സഹ മേധാവി കോസോ താഷിമയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 10ന് നടന്ന ഒരു യോഗത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മോറി കൊറോണ പരിശോധനയ്ക്ക് വിധേയനായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. പരിശോധനയുടെ ആവശ്യമില്ലെന്നതിനാലായിരുന്നു ഇതെന്നും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ അദ്ദേഹം കാണിച്ചിരുന്നില്ലെന്നും മോറിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റഗ്ബി ലോകകപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് മോറിയും താിമയും ഒരുമിച്ച് പങ്കെടുത്തത്. ചൊവ്വാഴ്ചയാണ് താഷിമയുടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. 60 പേര്‍ പങ്കെടുത്ത യോഗത്തില്‍ താഷിമയ്ക്ക് അഭിമുഖമായി 10 മീറ്റര്‍ അകലത്തിലായിരുന്നു മോറിയുടെ ഇരിപ്പിടമെന്ന് റഗ്ബി ലോകകപ്പ് സംഘാടക സമിതി അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത സെയ്താമ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹിരോഷി ലിജിമ സെല്‍ഫ് ക്വാറന്റൈനിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook