Latest News

‘വേറെന്ത് വേണേലും വിളിച്ചോ, പക്ഷെ അത് മാത്രം വിളിക്കരുത്’; ചാഹലിനോട് ധോണി പറഞ്ഞത്

‘അദ്ദേഹമൊരു ഇതിഹാസമാണ്. ആദ്യം കണ്ടപ്പോള്‍ മുമ്പില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല’

മുംബൈ: ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് വളരെ മികച്ചൊരു ഐപിഎല്‍ സീസണാണ് കഴിഞ്ഞ് പോയത്. റോയല്‍ ചലഞ്ചേഴ്‌സ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ വീണു പോയെങ്കിലും ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി ചാഹല്‍ മാറി.

12 മൽസസരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ ചാഹല്‍ ഐപിഎല്ലില്‍ നേടി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുകയാണ് താരമിപ്പോള്‍. ഇതിനിടെ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ ആസ്വദിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും ചാഹല്‍ മറക്കുന്നില്ല. അങ്ങനെ ഒരു പരിപാടിയില്‍ ചാഹല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തന്റെ അരങ്ങേറ്റ മൽസരമായ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിനെ കുറിച്ചാണ് ചാഹല്‍ മനസ് തുറന്നത്. ഇന്ത്യന്‍ നായകനായിരുന്ന എം.എസ്.ധോണിയില്‍ നിന്നുമായിരുന്നു ചാഹല്‍ ക്യാപ് വാങ്ങിയത്. തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ അനുഭവം ചാഹല്‍ പറയുന്നത് ഇങ്ങനെയാണ്.

”നല്ലൊരു ഐപിഎല്‍ സീസണ്‍ കഴിഞ്ഞിരിക്കുകയായിരുന്നു. പക്ഷെ ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. എന്റെ പേര് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അരമണിക്കൂറോളം നേരം എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പിന്നെ ഒരുപാട് കരഞ്ഞു. ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ ദിവസം മറക്കാനാകില്ല,’ ചാഹല്‍ പറയുന്നു.

ഇന്ത്യന്‍ നായകനായിരുന്ന ധോണിയെ കുറിച്ചും ചാഹലിന് പറയാനുണ്ട്, ”ധോണിയില്‍ നിന്നുമാണ് ക്യാപ് വാങ്ങിയത്. അദ്ദേഹമൊരു ഇതിഹാസമാണ്. ആദ്യം കണ്ടപ്പോള്‍ മുമ്പില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. സിംബാബ്‌വെയില്‍ വച്ച് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ വിളിച്ചിരുന്നത് മാഹി സര്‍ എന്നായിരുന്നു. പക്ഷെ അദ്ദേഹം എന്നെ അരികില്‍ വിളിച്ചിട്ട് പറഞ്ഞത് ‘മാഹി, ധോണി, മഹേന്ദ്ര സിങ് ധോണി, ഭായ്.. എന്തുവേണമെങ്കിലും വിളിച്ചോ പക്ഷെ മാഹി സര്‍ എന്നു മാത്രം വിളിക്കരുത് എന്നായിരുന്നു,”ചാഹല്‍ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Call me whatever you want but not sir ms dhoni to yuzvendra chahal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express