Kerala’s Calicut Heroes Team in RuPay Pro Volleyball League: ക്രിക്കറ്റ്, ഫുട്‌ബോള്‍ ലീഗുകള്‍ ഇന്ത്യയില്‍ വിജയമായതോടെയാണ് മറ്റ് കായിക ഇനങ്ങള്‍ക്കും ഇന്ത്യയില്‍ ലീഗുകള്‍ ആരംഭിക്കുന്നത്. കബഡി, ബാഡ്മിന്‌റന്‍ ലീഗുകളും ഇന്ത്യന്‍ കായിക മേഖലയി കാര്യമായ മാറ്റത്തിന് വഴിവച്ചു. ഈ ഗണത്തിലേക്കാണ് ഇപ്പേള്‍ പ്രോ വോളിവോള്‍ ലീഗും എത്തുന്നത്. പ്രഥമ വോളിബോള്‍ ലീഗിലെ ആദ്യ സര്‍വിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

പ്രോ വോളിബോള്‍ ലീഗിന്‌റെ ആദ്യ പതിപ്പില്‍ മാറ്റുരയ്ക്കുന്നത് ആറ് ടീമുകളാണ്. ഇതി തന്നെ രണ്ട് ടീമുകള്‍ കേരളത്തെ പ്രതിനിധികരിച്ച് കോര്‍ട്ടിലിറങ്ങും. കൊച്ചിയിൽ നിന്നുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കോഴിക്കോട് നിന്നുള്ള കാലിക്കറ്റ് ഹീറോസുമാണ് പ്രോ വോളിബോള്‍ ലീഗിൽ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകള്‍. ഇതില്‍ കാലിക്കറ്റ് ടീമിനെ അടുത്തറിയുകയാണ് ഈ ലേഖനത്തിലൂടെ.

ടീമിന്റെ മെന്ററായി എത്തുന്നത് മുൻ ദേശീയ താരം കിഷോർ കുമാറാണ്. ജമ്മുവിൽ നിന്നുള്ള സജ്ജാദ് ഹുസൈൻ മാലിക്ക് മുഖ്യ പരിശീലകനായി എത്തുന്ന ടീം കിരീട പ്രതീക്ഷകളിൽ സജീവമാണ്.

ആകെ 12 പേരടങ്ങുന്നതാണ് ഒരു ടീം. ഇതി ഓരോ ടീമുകള്‍ക്കും രണ്ട് വിദേശതാരങ്ങളെ സ്വന്തമാക്കാം. ഇതിന് പുറമെ ഒരു ഇന്ത്യ മാര്‍ക്വൂ താരവും ഒരു അണ്ടര്‍ 21 താരവും ടീമില്‍ ഉറപ്പായും ഉള്‍പ്പെട്ടിരിക്കണം. അമേരിക്കന്‍ താരം പോള്‍ ലോട്മാനാണ് ടീമിലെ തുറുപ്പ് ചീട്ട്. ജെറോം വിനീതാണ് ടീമിലെ ഇന്ത്യ മാര്‍ക്വൂ താരം. ജെറോം തന്നെയാണ് ടീമിനെ നയിക്കുന്നതും.

നാല് അറ്റാക്കേഴ്‌സും മൂന്ന് ബ്ലോക്കേഴ്‌സും ടീമിലിടം നേടി. രണ്ട് വീതം സെറ്റലേഴ്‌സിനും യൂണിവേഴ്‌സല്‍ താരങ്ങള്‍ക്കും പുറമെ ഒരു ലിബറോയും ടീമിലുള്‍പ്പെടുന്നു.

പോള്‍ ലോട്മാന്‍- അമേരിക്കകാരനായ ഈ താരത്തിലാണ് കാലിക്കറ്റ് ഹീറോസ് ഏറെ പ്രതീക്ഷ വയ്ക്കുന്നത്. ലോകകപ്പ് നേടിയ അമേരിക്ക ടീമില്‍ അംഗമായിരുന്ന പോളിന്‌റെ അനുഭവ സമ്പത്ത് ടീമിന് സഹായകമാകുമെന്ന് കരുതുന്നു.

ജെറോം വിനീത്- കാലിക്കറ്റ് ഹീറോസിന്‌റെ മാര്‍ക്വൂ താരമാണ് ഇന്ത്യന്‍ ടീം അംഗം കൂടിയായ ജെറോം വിനീത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ജെറോം സീനിയര്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചിട്ടുള്ള വ്യക്തിയാണ് . ബാക്ക്‌ലൈന്‍ അറ്റാക്കിങിന് പുറമെ കളി തന്ത്രങ്ങള്‍ മെനയുന്നതില്‍ ജെറോമിന്‌റെ പങ്ക് കാലിക്കറ്റ് ഹീറോസിന്‌റെ പ്രകടനത്തില്‍ നിര്‍ണായകമാകും.

അജിത് ലാല്‍- തിരുവനന്തപുരം സ്വദേശിയായ അജിത് ലാല്‍ അറിയപ്പെടുന്നത് തന്നെ ഹൈഡ്രജ ബോയി എന്ന പേരിലാണ്. തകര്‍പ്പ സ്മാഷുകളിലൂടെ എതിരാളികളെ ഞെട്ടിക്കുന്ന അജിത് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്‌റെ ഭാഗമായിരുന്നു.

ഗാഗന്‍ കുമാര്‍- ഹരിയാന സ്വദേശിയായ ഈ പത്തൊമ്പതുകാരന്‍ കഴിഞ്ഞ ബ്രിക്‌സ് ഗെയിംസില്‍ ഇന്ത്യന്‍ അണ്ടര്‍ 21 ടീമിന്‌റെ ഭാഗമായിരുന്നു. സെര്‍വ് ചെയ്യുന്നതിനുള്ള മികവാണ് ഗാഗനില്‍ എടുത്ത് പറയുന്നത്.

ജിത്തു തോമസ്- സര്‍വീസസ് ടീമിന്‌റെ ഭാഗമായ തൊടുപുഴക്കാരന്‍ ജിത്തു തോമസ് കൗണ്ടര്‍ അറ്റാക്കിങില്‍ മിടുക്കനാണ്. 2016 ഫെഡറേഷന്‍ ചാമ്പ്യഷിപ്പില്‍ മികച്ച അറ്റാക്കറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ജിത്തു.

നവീന്‍ കുമാര്‍- ഇടം കൈയ്യന്‍ അറ്റാക്കറായ നവീന്‍ കുമാര്‍ എന്ന ഹരിയാന താരവും കാലിക്കറ്റ് ഹീറോസില്‍
നിർണായക പങ്കുവഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇലൗനി – റിപ്പബ്ലിക് ഓഫ് കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്ത് നിന്നും എത്തിയിരിക്കുന്ന ഇലൗനി കാലിക്കറ്റ് ഹീറോസിന്റെ മറ്റൊരു വിദേശ താരമാണ്. പ്രതിരോധത്തിൽ കാലിക്കറ്റിന്റെ കരുത്ത് ഈ ആഫ്രിക്കൻ താരമാണ്. ആഫ്രിക്കയിലെ മികച്ച ബ്ലോക്കറായി കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമായിരുന്നു.

കാർത്തിക് എ- കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ കാർണാകത്തെ കിരീട നേട്ടത്തിലേക്ക് നയിച്ച നായകനാണ് കാർത്തിക്. രാജ്യത്തെ മികച്ച ബ്ലോക്കർമാരിൽ ഒരാളായ കാർത്തിക്കും കാലിക്കറ്റ് ഹീറോസിനുവേണ്ടി ഇറങ്ങുമ്പോൾ ടീമിന്റെ കിരീട പ്രതീക്ഷകൾ വർദ്ധിക്കുന്നു.

സഞ്ജയ് എ – മോഹൻ ഉക്രപാണ്ഡ്യന്രെ പിന്ഗാമിയായി തമിഴ്നാട്ടിൽ നിന്നും ഉയർന്നുവരുന്ന താരമാണ് സഞ്ജയ്. തമിഴ്നാടിന് വേണ്ടിയും ഇന്ത്യയ്ക്കുവേണ്ടിയും അണ്ടർ 21 കുപ്പായമണിഞ്ഞ താരം ഇതിനോടകം വോളിബോൾ കോർട്ടിൽ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

എൽ എം മനോജ്- തമിഴ്നാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയ തമിഴ്നാട് ടീമിൽ അംഗവുമായിരുന്നു.

വിപുൽ കുമാർ- ഉത്തർപ്രദേശുകാരനായ വിപുൽ ഇന്ത്യൻ റെയിൽവേയ്സിന്റെ പ്രധാന താരമാണ്. റെയിൽവേയ്സിന്റെ പല വിജയങ്ങളുടെയും പിന്നിൽ എന്നും കരുത്ത് കാട്ടിയ വിപുൽ കാലിക്കറ്റിന് വേണ്ടിയും തിളങ്ങിയാൽ ടീമിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല.

കലിക്കറ്റ് ഹീറോസിന്റെ ലിബറോ കേരളത്തിന്റെ സ്വന്തം രതീഷ് സി കെയാണ്. പ്രായം തളർത്താത്ത പോരാളി എന്നറിയപ്പെടുന്ന രതീഷ് കേരള ടീമിൽ നിർണായക സാനിധ്യമായിരുന്നു. പ്രോ വോളിബോൾ ലീഗിൽ ഒരിക്കൽ കൂടി തന്നിലെ പ്രതിഭയെ തെളിയിക്കാൻ ഒരുങ്ങുകയാണ് രതീഷ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook