റിയോ ഡി ജനീറോ: ബ്രസീല്‍ ടീം മുന്‍ ക്യാപ്റ്റനും ഫുട്‌ബോള്‍ ഇതിഹാസവുമായ കഫുവിന്റെ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഫുട്‌ബോള്‍ മൈതാനത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് 30 കാരനായ ഡാനിലോ മരിച്ചത്. കഫുവിന്റെ മൂത്ത മകനാണ്.

വീടിന് അടുത്തുള്ള മെെതാനത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്നു ഡാനിലോ. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പെട്ടന്നാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം ഹൃദയാഘാതത്തെ തുടർന്ന് തന്നെയാണെന്ന് ഡോക്‌ടർമാരും അറിയിച്ചു.

Read Also: ‘ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്’; തോല്‍വിയിലും തലയുയര്‍ത്തി മോഡ്രിച്ച് പറയുന്നു

ബ്രസീലിനുവേണ്ടി 142 മത്സരങ്ങള്‍ കളിച്ച താരമാണ് കഫു. ബ്രസീൽ ടീമിന്റെ മികച്ച ഫുട്ബോളർമാരിൽ ഒരാളായ കഫു മൂന്നുതവണ ലോകകപ്പ് ഫൈനലില്‍ കളിക്കുകയും രണ്ടുതവണ കിരീടം നേടിയ ടീമിലുണ്ടാവുകയും ചെയ്തു. 16 വർഷം നീണ്ട കരിയറാണ് കഫു ബ്രസീൽ രാജ്യാന്തര ടീമിനുവേണ്ടി കാഴ്‍‌ചവച്ചത്. 2002ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു കഫു.

പ്രൊഫഷണല്‍ ഫുട്‌ബോളറെന്ന നിലയില്‍ യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കായി കഫു കളത്തിലിറങ്ങിയിട്ടുണ്ട്. മകന്റെ ആക്‌സമിക നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ ക്ലബ്ബുകള്‍ ട്വീറ്റ് ചെയ്തു. എസി മിലാന്‍ കഫുവിന്റെ കുടുംബത്തിനെ അനുശോചനം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook