കൊച്ചി: കോച്ച് റെനി മ്യൂളൻസ്റ്റീൻ രാജിവച്ചതിന് തൊട്ടുപിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി. സൂപ്പർ താരം സി.കെ.വിനീത് പുണെ സിറ്റിക്കെതിരെ നടക്കുന്ന മൽസരത്തിൽ കളിക്കില്ല. പരുക്ക് ഭേദമാകാത്തതിനെത്തുടർന്നാണ് വിനീതിന്റെ പിന്മാറ്റം. ബെംഗളൂരു എഫ്സിക്കെതിരായ മൽസരത്തിന് മുൻപ് പരിശീലനത്തിനിടെയാണ് വിനീതിന് പരുക്കേറ്റത്.

രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അുടത്തയാഴ്ച ഡൽഹി ഡൈനമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മൽസരങ്ങൾ. മുന്നേറ്റ​നിരയിൽ സി.കെ.വിനീത് മാത്രമാണ് ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നത്. ഇതുവരെ 2 ഗോളുകളാണ് വിനീത് നേടിയിട്ടുള്ളത്.

അതേസമയം, പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിലിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. മുൻ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസുമായി മാനേജ്മെന്റ് ചർച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പുണെ സിറ്റിക്കെതിരായ മൽസരത്തിൽ സഹപരിശീലകൻ സിങ്തോ ആയിരിക്കും ടീമിനെ ഒരുക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ