മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജെഴ്സി സ്പോൺസർമാരെത്തുന്നു. ചൈനീസ് മൊബൈൽ നിർമാതാക്കളായ ഒപ്പോയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജെഴ്സി സ്പോൺസർമാർ. എന്നാൽ സെപ്റ്റംബറോടുകൂടി ബൈജൂസ് ആപ്പ് സ്പോൺസർഷിപ്പ് ഒപ്പോയിൽ നിന്നും വാങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്യൂട്ടോറിയൽ സ്ഥാപനമാണ് ബൈജൂസ്.

രണ്ട് വർഷം മുമ്പ് 2017ലാണ് ഒപ്പോ ഇന്ത്യയുടെ ജെഴ്സി സ്പോൺസർമാരായി എത്തുന്നത്. അഞ്ച് വർഷത്തെ കരാറാണ് ഒപ്പോ ഒപ്പിട്ടിരുന്നത്. എന്നാൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കരാർ തിരുത്താനാണ് കമ്പനി ഒരുങ്ങുന്നത്. 1079 കോടി രൂപയുടെ കരാറാണ് ബിസിസിഐയുമായി ഒപ്പോ ഒപ്പിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഒപ്പോയും, ബൈജൂസും, ബിസിസിഐയുമായി കരാർ ഒപ്പിടുമെന്നാണ് സൂചന.

“ഒപ്പോയും ബൈജൂസും സ്പോൺസർഷിപ്പ് കരാർ കൈമാറുന്നതിന് മുമ്പോട്ട് വന്നിട്ടുണ്ട്. സിഒഎയും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.” ബിസിസിഐയുടെ അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യനടത്തില്‍ ബൈജൂസ് ആപ്പ് സ്പോൺസർര്‍ ചെയ്യുന്ന ജെഴ്സിയണിഞ്ഞ് ഇന്ത്യന്‍ ടീം ഇറങ്ങും. മലയാളിയായ ബൈജു രവീന്ദ്രനാണ് സ്ഥാപനത്തിന്റെ സ്ഥാപകൻ. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ് ആപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook