scorecardresearch
Latest News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും ടൈറ്റില്‍ സ്‌പോണ്‍സർമാരായി ബൈജൂസ്

ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ടൈറ്റിൽ സ്‌പോൺസറാണ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും ടൈറ്റില്‍ സ്‌പോണ്‍സർമാരായി ബൈജൂസ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്. ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ടൈറ്റിൽ സ്‌പോൺസറാണ്. കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ടതോടെ പുതിയ സീസണിലെ എല്ലാ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്‌സി ജേഴ്‌സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ഐഎസ്എലില്‍ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ മലയാളി ബൈജു രവീന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് ഫുട്‌ബോള്‍. തീര്‍ച്ചയായും ഒരു കായികവിനോദത്തേക്കാള്‍ ഉപരി കേരളത്തെ സംബന്ധിച്ചിടത്തോളം അതോരു വികാരമാണ്. സ്‌റ്റേഡിയങ്ങളില്‍ നിന്നുള്ള മഞ്ഞപ്പടയുടെ ആരവം നഷ്ടമാവുമെങ്കിലും ഈ വര്‍ഷം കിരീടത്തിനായുള്ള കെബിഎഫ്‌സിയുടെ പോര്‍വിളി കാണാന്‍ എല്ലാ ആരാധകരും ആഗ്രഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ സവിശേഷ ചൈതന്യവും പ്രതാപവും ഉയര്‍ത്തിപ്പിടിക്കുന്ന അനുയോജ്യമായ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഓരോ കേരളീയ ജീവിതത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് വശങ്ങളാണ് വിദ്യാഭ്യാസവും ഫുട്‌ബോളുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു. കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Byjus join hands with kerala blasters fc as title sponsor