ഗു​വാ​ങ്ഷു: ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ണമെന്‍റിൽ പി.വി.സിന്ധുവിന് കിരീടം. കലാശപ്പോരിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് സിന്ധു ഈ വർഷത്തെ ആദ്യ കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ വിജയം. സ്കോർ 21-19, 21-17. സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.

നിര്‍ണായക മത്സരങ്ങളില്‍ ഫൈനലില്‍ വീണ് പോകുന്ന പതിവിന് ഇതോടെ സിന്ധു അവസാനം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ ജപ്പാന്‍ താരത്തോട് സിന്ധു തോറ്റിരുന്നു. റിയോ ഒളിമ്പിക്സിലും സിന്ധു ഫൈനലില്‍ അടിയറവ് പറഞ്ഞിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകള്‍, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നീ മത്സരങ്ങളിലും സിന്ധുവിന് വെളളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

ഇത് ആദ്യമായാണ് ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ണമെന്‍റിൽ ഒരു ഇന്ത്യന്‍ താരം കിരീടം നേടുന്നത്. മികച്ച പോരാട്ടം നടന്ന മത്സരത്തില്‍ ഒകുഹാര സിന്ധുവിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനേയും രണ്ടാം റാങ്കുകാരി യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു പോരാട്ടം തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook