ദുബൈ: ലോക സൂപ്പർ സീരീസിൽ ജപ്പാൻ താരം അകെയ്ൻ യമാഗുച്ചിയെ ഫൈനലിൽ പരാജയപ്പെടുത്താൻ പിവി സിന്ധുവിന് സാധിച്ചില്ല. ഇതോടെ ലോക സീരീസിലെ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ വീണ്ടും കണ്ണീരണിഞ്ഞു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്.

കായികമികവും ബുദ്ധിയും സമാസമം മത്സരിച്ച പോരാട്ടത്തിൽ ഇരുവരും ശക്തമായി മത്സരിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ട യമാഗുച്ചി രണ്ടാം സെറ്റിൽ ശക്തമായി തിരികെ വന്നു. മൂന്നാം സെറ്റിൽ ഇരുവരും തമ്മിൽ അവസാനം വരെ കടുത്ത പോരാട്ടമാണ് നടന്നത്. എന്നാൽ വിജയം യമാഗുച്ചിക്ക് ഒപ്പം നിന്നു.

സ്കോർ 21-15, 12-21, 19-21. ആദ്യ സെറ്റിന്റെ തുടക്കത്തിൽ യമാഗുച്ചി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ഇതോടെ ചുവടുമാറ്റി കളിക്കാൻ കോച്ച് പി.ഗോപിചന്ദ് നിർദ്ദേശം നൽകി. നീണ്ട റാലികളിലേക്ക് പിവി സിന്ധു കളി മാറ്റി. വേഗത്തിലുള്ള നീക്കങ്ങളിലൂടെ മത്സരത്തിന്റെ നിയന്ത്രണം പിടിച്ചിരുന്ന യമാഗുച്ചിക്ക് ഇതോടെ മത്സരം കൈവിട്ടു.

എന്നാൽ 20കാരിയായ യമാഗുച്ചി പിന്മാറാൻ തയ്യാറായിരുന്നില്ല. കൂടുതൽ ശ്രദ്ധയോടെ കളിച്ച താരം നീണ്ട റാലികളിൽ സിന്ധുവിനുണ്ടായിരുന്ന നിയന്ത്രണം തന്റെ വരുതിയിലാക്കി പോരടിച്ചു. ഇതോടെ രണ്ടാം സെറ്റ് സിന്ധുവിന് നഷ്ടപ്പെട്ടു.

തീപാറിയ പോരാട്ടമായിരുന്നു മൂന്നാം സെറ്റിൽ കണ്ടത്. റാലികൾ പലതും 40 പിന്നിട്ടു. ഇരുവരും ക്ഷീണിച്ചവശരായി. ഇതോടെ ഇരുവരും തന്ത്രങ്ങൾ പലതും പുറത്തെടുത്തു. പലപ്പോഴും എതിരാളിയുടെ പിഴവുകളാണ് പോയിന്റായി മാറിയത്.

19-19 എന്ന നിലയിൽ നിന്നാണ് മൂന്നാം സെറ്റിൽ സിന്ധു പരാജയപ്പെട്ടത്. ഇതോടെ ലോക സൂപ്പർ സീരീസിൽ ഫെനലിൽ പരാജയപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സിന്ധു. നേരത്തേ സൈന നേഹ്‌വാളും ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ