ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ കലാശ പോരാട്ടത്തിൽ പി.വി.സിന്ധു ഇന്നിറങ്ങും. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. രണ്ടുതവണ തുടർച്ചയായി കൈവിട്ട സ്വർണം സ്വന്തമാക്കാൻ പി.വി.സിന്ധുവിന്‌ വീണ്ടും അവസരം കൂടിയാണിത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്തിയ സിന്ധു കലാശ പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു.

സെമിയിൽ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ യു ഫ്യൂവിനെയാണ് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്. 21-7,21-14 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം.

കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണം ഇത്തവണ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സിന്ധു. ഈ സീസണിലെ തന്റെ ആദ്യ കിരീടമാണ് സിന്ധു ലക്ഷ്യമിടുന്നത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.

ലോക ബാഡ്മിന്റൺ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച രണ്ട് താരങ്ങളാണ് ഇത്തവണയും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. 2017 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേർക്കുനേർ വന്ന ഇരുവരും 110 മിനിറ്റ് നീണ്ട പോരാട്ടമാണ് കാഴ്ചവച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഒരു ഫൈനൽ പോരാട്ടമായിരുന്നു അത്. സിന്ധു 2013, 2014 വർഷങ്ങളിൽ വെങ്കലം നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook