ലോകമെങ്ങും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും സച്ചിന്റെ ബാറ്റിങ്ങിന് ആരാധകർ ഏറെയാണ്. അതുകൊണ്ടാണ് ബുഷ്‌ഫയർ ക്രിക്കറ്റ് മത്സരത്തിനായി എല്ലാ കായിക പ്രേമികളും കാത്തിരുന്നത്. ഓസ്ട്രേലിയയിൽ കാട്ടുത്തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ തുക സമാഹരിക്കുന്നതിനുവേണ്ടിയാണ് ബുഷ്‌ഫയർ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

പോണ്ടിങ് ഇലവനും ഗിൽക്രിസ്‌റ്റ് ഇലവനും തമ്മിലായിരുന്നു ഇന്ന് മത്സരം നടന്നത്. മത്സരത്തിൽ പോണ്ടിങ് ഇലവനാണ് വിജയിച്ചത്. ഒരു റൺസിനാണ് പോണ്ടിങ് ഇലവൻ വിജയം സ്വന്തമാക്കിയത്. നിശ്ചിത 10 ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത പോണ്ടിങ് ഇലവൻ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 104 റൺസ് നേടിയപ്പോൾ രണ്ടാമത് ബാറ്റ് ചെയ്‌ത ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 103 റൺസാണ് നേടാൻ സാധിച്ചത്.

പോണ്ടിങ് ഇലവനു വേണ്ടി ബ്രയാൻ ലാറ 11 പന്തിൽ 30 റൺസ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സും അടക്കമാണ് ലാറ 30 റൺസ് നേടിയത്. നായകൻ റിക്കി പോണ്ടിങ് 14 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്നു. ഗിൽക്രിസ്റ്റ് ഇലവനു വേണ്ടി യുവരാജ് സിങ്, ആൻഡ്രൂ സെെമണ്ട്‌സ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

Read Also: കിഷോര്‍ കുമാര്‍ ഗാനം പാടി മോഹന്‍ലാല്‍; വീഡിയോ

ഗിൽക്രിസ്റ്റ് ഇലവനു വേണ്ടി ഷെയ്‌ൻ വാട്‌സൺ ഒൻപത് പന്തിൽ നിന്ന് 30 റൺസ് നേടി. ആൻഡ്രൂ സെെമണ്ട്‌സ് 13 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 29 റൺസ് നേടി. ഇരുവരും മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു റൺസിനു ഗിൽക്രിസ്റ്റ് ഇലവൻ തോൽക്കുകയായിരുന്നു. പോണ്ടിങ് ഇലവനു വേണ്ടി ബ്രറ്റ് ലീ രണ്ട് വിക്കറ്റുകൾ നേടി.

അതേസമയം, പോണ്ടിങ് ഇലവന്റെ പരിശീലകനായ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഇടവേള സമയത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയതാണ് എല്ലാ ക്രിക്കറ്റ് പ്രേമികളെയും ആവേശത്തിലാക്കിയത്. ഓസീസ് വനിതാ ക്രിക്കറ്റ് ടീം താരം എലിസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സച്ചിൻ കളത്തിലിറങ്ങിയത്. സച്ചിനു പന്തെറിയാൻ ആഗ്രഹമുണ്ടെന്ന് എലിസ് പെറി ട്വീറ്റ് ചെയ്‌തിരുന്നു. മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിൻ പെറിയുടെ പന്ത് നേരിട്ടത്.

എലിസ് പെറിയുടെ ആദ്യ പന്ത് തന്നെ സച്ചിൻ ഫോറടിക്കുകയായിരുന്നു. ആറ് പന്തുകളാണ് സച്ചിൻ നേരിട്ടത്. ഇതിൽ നാല് പന്തുകൾ എറിഞ്ഞതും എലിസ് പെറിയാണ്. തന്റെ ക്ലാസിക് ഷോട്ടുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഷോട്ടുകൾ സച്ചിന്റെ ബാറ്റിൽ നിന്നു വന്നു. അത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. സച്ചിൻ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. നിറപുഞ്ചിരിയോടെ പെറിയുടെ പന്തിനെ നേരിടുന്ന സച്ചിനെ വീഡിയോയിൽ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook