ജെറുസലേം: അര്‍ജന്റീനയുടെ ഇസ്രായേലിനെതിരായ സൗഹൃദ മൽസരത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പലസ്തീന്‍. മൽസരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കളിച്ചാല്‍ മെസിയുടെ ജഴ്‌സി കത്തിക്കണമെന്ന ആഹ്വാനവുമായി പലസ്‌തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രംഗത്തെത്തി. ശനിയാഴ്‌ച നടക്കാനിരിക്കുന്ന കളിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ജെറുസലേമിലെ ടെഡ്ഡി കൊല്ലക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കളിയില്‍ നിന്നും അര്‍ജന്റീന പിന്മാറണമെന്നും അര്‍ജന്റീന കളിക്കുകയാണെങ്കില്‍ മെസിയുടെ ജഴ്‌സി കത്തിക്കണമെന്നുമാണ് പലസ്‌തീന്‍ എഫ്എയുടെ പ്രസിഡന്റ് ജിബ്രീല്‍ റജബ് പറഞ്ഞത്. മെസി എത്തിയാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും കത്തിക്കണമെന്നും റജബ് ആരാധകരോടായി പറഞ്ഞു.

ഇസ്രായേലിന്റെ എഴുപതാമത് രാഷ്ട്ര സ്ഥാപനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമില്‍ മൽസരം നടത്തുന്നതിനെതിരെയാണ് പലസ്‌തീനികളുടെ പ്രതിഷേധം. മൽസരത്തെ ഇസ്രായേല്‍ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയാണെന്ന് ജിബ്രീല്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിബ്രീല്‍ റജബ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി ക്ലൗഡിയോ താപിയക്ക് കഴിഞ്ഞയാഴ്‌ച കത്തെഴുതിയിരുന്നു.

അതേസമയം, മെസ്സി വരില്ലെന്നു തന്നെയാണ് ഇപ്പോഴും തങ്ങളുടെ പ്രതീക്ഷയെന്ന് റജബ് പറയുന്നു. തങ്ങളുടെ രാഷ്ട്രസ്ഥാപനത്തിന്റെ എഴുപതാമത് വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഇസ്രായേല്‍ ജെറുസലേമിലേക്ക് മൽസരം വച്ചതെന്ന് റജബ് പറയുന്നു.

വടക്കന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ മൽസരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് വേദി ഇസ്രായേല്‍ അധികൃതര്‍ ജെറുസലേമിലേക്ക് മാറ്റിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook