ബെർലിൻ: ലോകം മുഴുവൻ കോവിഡ്-19നെതിരെ പ്രതിരോധം ശക്തമാക്കുമ്പോഴും പ്രതിരോധവും അക്രമണവും തന്ത്രങ്ങളും മെനയുന്ന കളി മൈതാനങ്ങൾ വീണ്ടും ഉണരുകയാണ്. എന്നാൽ ഒന്ന് മാത്രം ഒഴിഞ്ഞ് നിൽക്കും ആർത്തിരമ്പുന്ന ആരാധകർ. എന്നാൽ ഫുട്ബോൾ ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു വാർത്ത ജർമ്മനിയിൽ നിന്നും എത്തിയിരിക്കുന്നു. ബയേൺ മ്യൂണിക്കും ബൊറുഷ്യ ഡോർട്മുണ്ടുമെല്ലാം കളിക്കുന്ന ബുണ്ടസ്ലിഗയിലാണ് നാളെ മുതൽ വീണ്ടും പന്തുരുളുന്നത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങൾ വീണ്ടും പുനരാരംഭിക്കുന്നത്.
രാജ്യത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ലീഗുകളായ ബുണ്ടസ്ലിഗ 1, ബുണ്ടസ്ലിഗ 2 എന്നിവയിലെ എല്ലാ ക്ലബ്ബുകളും പരിശീലന മൈതാനത്തിലേക്ക് നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. പ്രാദേശിക ആരോഗ്യ പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പരിശീലനം. മറ്റു യൂറോപ്യന്‍ ലീഗുകളുടെ ആരാധകരേക്കാള്‍ ഏറെ മുന്നേ ലക്ഷകണക്കിന് ബുണ്ടസ്ലിഗ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ താരങ്ങള്‍ മൈതാനത്ത് ഫുട്ബോള്‍ തട്ടുന്നത് ടിവിയിലൂടെ വീക്ഷിക്കാന്‍ സാധിക്കും.
കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ലോകമെമ്പാടും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ കളി മൈതാനങ്ങളും നിശ്ചലമായിരുന്നു. ഇതിന് ശേഷം പുനരാരംഭിക്കുന്ന ആദ്യ മേജർ യൂറോപ്യൻ ലീഗാണ് ബുണ്ടസ്ലിഗ. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് ഷാൽക്കയെ നേരിടും.
Also Read: പെണ്‍കുട്ടികളുടെ അണ്ടര്‍-17 ഫിഫ ലോകകപ്പ് പുതിയ തിയതി പ്രഖ്യാപിച്ചു, നവി മുംബൈ ഫൈനലിന് വേദിയാകും
മേയ് ഏഴിന് ജർമ്മൻ ചാൻസിലർ അനുമതി നൽകിയതോടെയാണ് ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. താരങ്ങളും പരിശീലകരുമടക്കം ആകെ 300 പേർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മത്സരത്തിലെത്തുന്ന താരങ്ങൾക്ക് ഒഫിഷീൽസിനും വൈദ്യ പരിശോധന നടത്തും. ഓരോരുത്തരും തമ്മിൽ ഒന്നരമീറ്റർ അകലം പാലിക്കുന്നതിന് ഒന്നിലധികം ബസുകളിലായിരിക്കും ടീം മൈതാനത്തേക്ക് എത്തുക.
Also Read: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണിൽ പുനരാരംഭിക്കുന്നതിന് സഹായകമായി പുതിയ തീരുമാനം
ഇതോടൊപ്പം തന്നെ കളിക്കാർ തമ്മിലുള്ള ഹസ്തദാനവും ഫൊട്ടോ സെക്ഷനും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിപിടിച്ചോ കൈകൾ കൂട്ടിയടിച്ചോയുള്ള ആഘോഷങ്ങളും പാടില്ല. പകരം കൈമുട്ടുകൾ കൂട്ടിമുട്ടിക്കാം. മൈതാനത്ത് കളിക്കുന്ന താരങ്ങളൊഴിച്ച് സബ്സ്റ്റിറ്റ്യൂട്ടുകളടക്കം എല്ലാവരും മാസ്ക് ധരിക്കണം. ഓരോ നിശ്ചിത ഇടവേളയിലും പന്ത് അണുവിമുക്തമാക്കുകയും ചെയ്യും.
തുടർച്ചയായ എട്ടാം കിരീടം ലക്ഷ്യമിടുന്ന ബയേൺ മ്യൂണിക്ക് തന്നെയാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 25 മത്സരങ്ങളിൽ നിന്ന് 17 ജയം നേടിയ ക്ലബ്ബിന്റെ അക്കൗണ്ടിൽ 55 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശക്തരായ ബൊറൂസിയ ഡോർട്മുണ്ടിന് 51 പോയിന്റും മൂന്നാമതുള്ള ആർപി ലെയ്പ്സിഗിന് 50 പോയിന്റുമാണുള്ളത്. ആദ്യ അഞ്ച് പോയിന്റുകാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം എട്ട് മാത്രമാണ്. എല്ലാ ടീമുകൾക്കും ഒമ്പത് മത്സരങ്ങൾ വരെ ബാക്കിയുമുണ്ട്.
Also Read: നാലുപന്തുകളെഴുതിയ ക്രിക്കറ്റ് ജീവിതം; ചേതന്‍ ശര്‍മ്മ ആ സിക്സിനേയും ഹാട്രിക്കിനേയും ഓര്‍ക്കുന്നു
യൂറോപ്പില്‍ ആരാധകര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് ബുണ്ടസ്ലിഗ മത്സരങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അവസാനം വരെ, ആരാധകരെ പ്രവേശിപ്പിക്കാതെ ടിവി സംപ്രേഷണം മാത്രം നടത്താനാണ് തീരുമാനം.