ദുബായ്: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോഹ്ലി പറഞ്ഞു.
“ഞങ്ങൾ ഗ്രൗണ്ടിൽ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാൻ ധൈര്യമില്ലത്ത, സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങൾ. അവർ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നിൽ ഒളിച്ച് സോഷ്യൽ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ ലോകത്ത് ഒരു സാമൂഹിക വിനോദമായി മാറിയിരിക്കുന്നു, ഇത് വളരെ നിർഭാഗ്യകരവും സങ്കടകരവുമാണ്,” ന്യൂസിലൻഡിന് എതിരായ ഞായറാഴ്ചത്തെ മത്സരത്തിനു മുന്നോടിയായി ദുബായിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.
“ഇത് അക്ഷരാർത്ഥത്തിൽ ഒരു വ്യക്തിക്ക് ആകാവുന്ന ഏറ്റവും താഴ്ന്ന നിലയാണ്. ഞാൻ ഇത്തരം ആളുകളെ അങ്ങനെയാണ് കാണുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനോട് ഇന്ത്യ പത്ത് വിക്കറ്റിനു തോറ്റതിന് പിന്നാലെ, മതത്തിന്റെ അടിസ്ഥാനത്തിൽ ഷമി ചിലരുടെ ലക്ഷ്യമായി മാറുകയായിരുന്നു. സംഭവത്തിൽ ഷമിക്ക് പിന്തുണ നൽകിയ കോഹ്ലി, ഷമിക്കെതിരായ സൈബർ ആക്രമണത്തെ ദയനീയമായത് എന്നാണ് വിളിച്ചത്.
“എന്നെ സംബന്ധിച്ചിടത്തോളം, ഒരാളെ അവരുടെ മതത്തിന്റെ പേരിൽ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും ദയനീയമായ കാര്യമാണ്. ഓരോരുത്തർക്കും ഒരു പ്രത്യേക സാഹചര്യത്തെക്കുറിച്ച് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്, എന്നാൽ വ്യക്തിപരമായി ഒരിക്കലും ഞാൻ ഒരാളെയും അവരുടെ മതത്തിന്റെ പേരിൽ അവരോട് വിവേചനം കാണിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത് ഓരോ മനുഷ്യനും വളരെ പവിത്രവും വ്യക്തിപരവുമായ കാര്യമാണ്.”
ഷമിയെ വിമർശിച്ചവർക്കെതിരെ ആഞ്ഞടിച്ച കോഹ്ലി, ടീം മുഴുവൻ താരത്തിന് ഒപ്പമാണെന്ന് പറഞ്ഞു.
“വ്യക്തിപരമായി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ ആളുകൾ അവരുടെ നിരാശകൾ പുറത്തെടുക്കുന്നു. ഗ്രൗണ്ടിൽ ഞങ്ങൾ എത്രമാത്രം പരിശ്രമിച്ചുവെന്ന് അവർക്ക് യാതൊരു ധാരണയുമില്ല. കഴിഞ്ഞ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഹമ്മദ് ഷമി ഇന്ത്യയെ നിരവധി മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ടെന്നും, മത്സരങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം അദ്ദേഹം ഞങ്ങളുടെ പ്രധാന ബൗളറാണെന്നും അവർക്ക് ധാരണയില്ല.”
“ആളുകൾക്ക് അതും അദ്ദേഹത്തിന് രാജ്യത്തോടുള്ള അഭിനിവും അവഗണിക്കാൻ കഴിയുമെങ്കിൽ, അത്തരം ആളുകളെ ശ്രദ്ധിച്ച് എന്റെ ഒരു മിനിറ്റ് പോലും പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഷമിയോ ടീമിലെ മറ്റാരെങ്കിലോ അത് ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പൂർണ്ണമായും അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ 200 ശതമാനം പിന്തുണയ്ക്കുന്നു, ആക്രമിച്ചവർക്ക് വേണമെങ്കിൽ ഇനിയും കൂടുതൽ ശക്തിയോടെ വരാം. ഞങ്ങളുടെ സാഹോദര്യം, ടീമിനുള്ളിലെ ഞങ്ങളുടെ സൗഹൃദം, അതിനെ ഒന്നിനും ഇളക്കാനാവില്ല.” കോഹ്ലി പറഞ്ഞു.