/indian-express-malayalam/media/media_files/e81h9qwx6nP0nDW62QOH.jpg)
File Photo
ബോർഡർ ഗാവസ്കർ ട്രോഫിയിലെ നിരാശയ്ക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. ഇംഗ്ലണ്ടിന് എതിരായ ഏകദിന, ട്വന്റി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുൻപിലുള്ളത്. അതിന് പിന്നാലെ ചാംപ്യൻസ് ട്രോഫിയും. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഏതെല്ലാം താരങ്ങൾ ഇടം നേടും എന്ന ചർച്ചകൾ ചൂട് പിടിക്കുകയാണ്. ഈ സമയം, ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് മാറ്റമുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.
റെഡ് ബോൾ ക്രിക്കറ്റിൽ മോശം ഫോം തുടരുകയാണ് എങ്കിലും ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കും.ട്വന്റി20 ലോകകപ്പ് ജയത്തിന് ശേഷം ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ വൈറ്റ്ബോൾ ലീഡർഷിപ്പ് സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. ഇന്ത്യൻ വൈറ്റ്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നിയമിച്ചിരുന്നു. ഹർദിക് പാണ്ഡ്യയെ പിന്തള്ളിയായിരുന്നു ഇത്.
എന്നാൽ ചാംപ്യൻസ് ട്രോഫിയിൽ ശുഭ്മാൻ ഗില്ലിന് പകരം ബുമ്ര വൈസ് ക്യാപ്റ്റനാവും എന്നാണ് റിപ്പോർട്ടുകൾ. 2022ലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ബുമ്ര വൈസ് ക്യാപ്റ്റനായിരുന്നു. 2023ലാണ് ബുമ്ര ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കുന്നത്. അയർലൻഡിന് എതിരായ ട്വന്റി20 പരമ്പരയിലായിരുന്നു ഇത്.
ടെസ്റ്റിൽ 2022ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ഒരു ടെസ്റ്റിൽ ബുമ്ര നയിച്ചിരുന്നു. ഇക്കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയിൽ രണ്ട് ടെസ്റ്റുകളിലാണ് ബുമ്ര ഇന്ത്യയെ നയിച്ചത്. അതിൽ പെർത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ഇന്ത്യൻ ക്യാപ്റ്റൻസി ബുമ്രയുടെ കൈകളിലേക്ക് നൽകണം എന്ന വാദം ഒരു ഭാഗത്ത് ശക്തമായി കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കും ഉള്ള ടീമിനെ ബിസിസിഐ ഈ ആഴ്ച പ്രഖ്യാപിക്കും.
റെഡ് ബോൾ ക്രിക്കറ്റിലെ മോശം ഫോം കോഹ്ലിയുടെ ഏകദിനത്തിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നില്ല. യശസ്വി ജയ്സ്വാൾ ടെസ്റ്റിലും ട്വന്റി20യിലും മികവ് കാണിച്ച് കഴിഞ്ഞെങ്കിലും ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ യശസ്വി ഇടം നേടാനുള്ള സാധ്യത കുറവാണ്.രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യാനാണ് സാധ്യത. ഏകദിനത്തിൽ 58.2 ആണ് ഗില്ലിന്റെ ബാറ്റിങ് ശരാശരി.ശ്രേയസ് അയ്യർ ഏകദിന ടീമിലേക്ക് മടങ്ങി എത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. ഏകദിനത്തിൽ നാലാം സ്ഥാനത്ത് ശ്രേയസ് തന്റെ സ്ഥാനം ഉറപ്പിക്കാനാണ് സാധ്യത.
വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നതിലാണ് ഇന്ത്യക്ക് മറ്റൊരു തലവേദന. കെ.എൽ രാഹുൽ, ഋഷഭ് പന്ത്, സഞ്ജു എന്നിവരിൽ നിന്ന് രണ്ട് പേർ സ്ക്വാഡിലേക്ക് എത്തും. അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും സഞ്ജുവിന് ഇന്ത്യൻ ഏകദിന ടീമിലേക്ക് പിന്നെ എത്താനായിട്ടില്ല.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം; രോഹിത് ശർമ,ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രാഹുൽ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്നോയ്, ബുമ്ര, ഷമി, സിറാജ്, അർഷ്ദീപ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us