റയലിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് കരിയറിലെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്നും പുറത്തായ ബഫണിന് വേണ്ടി ഖേദം പ്രകടിപ്പിച്ച് റയല്‍ പരിശീലകന്‍ സിദാനും. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിനദ്ദിന്‍ സിദാന്‍.

” ബഫണ്‍ അര്‍ഹിക്കുന്ന രീതിയിലല്ല അദ്ദേഹം കളി അവസാനിപ്പിച്ചത് എന്ന് എനിക്ക് തോന്നുന്നു. പക്ഷെ ഇനി ഒരു തിരിച്ചുപോക്കില്ലല്ലോ.” ഫ്രഞ്ച് ഇതിഹാസം പറഞ്ഞു.

ബഫണിന്റെ ഇറ്റലി ജയിച്ച 2006 ലോകകപ്പില്‍ മാര്‍ക്കോ മാറ്റരാസിയെ തലകൊണ്ട് ഇടിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങിയാണ് സിദാന്‍ തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന മൈതാനമൊഴിയുന്നത്.

” അസാമാന്യനായൊരു താരമാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരം ആവരുതായിരുന്നു എന്ന് ഞാന്‍ ആശിച്ചു പോകുന്നു. ” സിദാന്‍ കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡിന് അനുകൂലമായ് വന്ന പെനാല്‍റ്റി വിധിക്കെതിരെയായിരുന്നു യുവന്റസ് നായകന്‍ കൂടിയായ ബഫണിന്റെ പ്രതിഷേധം. പൂജ്യത്തിനെതിരെ മൂന്ന്‍ ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു യുവന്റസ് പിന്നീട് പെനാല്‍റ്റി ഗോള്‍ വഴങ്ങി. അഗ്രിഗേറ്റ് ഗോള്‍ നിലയില്‍ റയലിനോട്‌ ഒരു ഗോളിന് പരാജയപ്പെട്ടാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കുന്നത്.

മത്സരശേഷം താന്‍ ബഫണിനോട്‌ സംസാരിച്ചതായും സിദാന്‍ പറഞ്ഞു.

“അദ്ദേഹം മികച്ചൊരു താരമാണ് എന്ന് ഞാന്‍ പറഞ്ഞു. തന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കേണ്ടതുള്ളു എന്നും.” ഇനിയും ഒരു വര്‍ഷം കൂടി ബഫണിന് കളിക്കാനാകും എന്ന്‍ താന്‍ പ്രതീക്ഷിക്കുന്നതായും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook