റയലിനെതിരെയുള്ള തോല്‍വിയോടെ ഇതിഹാസ താരം ബഫണിന്റെ ചാമ്പ്യന്‍സ് ലീഗ് കരിയറും ഏറെക്കുറെ അവസാനിച്ച മട്ടാണ്. വേദനയോടെ, തലതാഴ്ത്തിയായിരുന്നു ബഫണ്‍ മൈതാനം വിട്ടത്. അവസാന നിമിഷം റഫറിയോട് കയര്‍ത്തതിന് ലഭിച്ച റെഡ് കാര്‍ഡ് അയാളുടെ കളി ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന നിമിഷങ്ങളിലൊന്നായിരിക്കും.

മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം, എക്‌സ്ട്രാ ടൈമിലെ പെനാല്‍റ്റിയിലായിരുന്നു റയല്‍ യുവന്റസിന്റെ മോഹങ്ങളെ തകര്‍ത്തത്. ക്രിസ്റ്റ്യാനോയുടെ കിക്ക് തടുക്കാന്‍ യുവന്റസിന്റെ ഗോള്‍ വലയ്ക്ക് മുമ്പ് ബഫണില്ലായിരുന്നു. കണ്ണീരോടെ മൈതാനത്ത് പുറത്ത് കാത്തു നില്‍ക്കാന്‍ മാത്രമേ അയാള്‍ക്ക് സാധിച്ചുള്ളൂ.

റെഡ് കാര്‍ഡ് ഏറ്റുവാങ്ങി ബഫണ്‍ പുറത്തേക്ക് പോകുമ്പോള്‍ അതിന് കാഴ്ചക്കാരനായി മറുവശത്ത് മറ്റൊരു മനുഷ്യനുണ്ടായിരുന്നു, സിനദ്ദിന്‍ സിദാന്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊന്നിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2006 ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ടിടിച്ചതിന് സിദാന്‍ റെഡ് കാര്‍ഡ് വാങ്ങി കണ്ണീരോടെ പുറത്ത് പോകുമ്പോല്‍ ഇറ്റാലിയന്‍ ഗോള്‍ പോസ്റ്റിന് കീഴെ ബഫണുണ്ടായിരുന്നു.

അന്ന് സിദാന്‍ റെഡ് കാര്‍ഡ് കിട്ടി പുറത്ത് പോയില്ലായിരുന്നുവെങ്കില്‍ ഫ്രാന്‍സ് ലോകകപ്പ് നേടുമായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരുപാട് ആരാധകര്‍ ഇന്നുമുണ്ട്. ഇന്നലെ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഷോട്ട് തടുക്കാന്‍ ബഫണുണ്ടായിരുന്നുവെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെ എന്നു വിശ്വസിക്കുന്ന യുവന്റസ് ആരാധകരും വിരളമല്ല.

പക്ഷെ ആ നിമിഷം ബഫണിന്റെ മനസിലൂടെ കടന്നു പോയത് ഒരുപക്ഷെ സ്വന്തം വാക്കുകളായിരിക്കും. സ്‌കൈ സ്‌പോര്‍ട്ട് ഇറ്റാലിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബഫണ്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഒരു പക്ഷെ എന്റെ കരിയര്‍ അവസാനിക്കുക സിദാനെ പോലെ റെഡ് കാര്‍ഡിലൂടെയായിരിക്കും എന്ന്.

”എനിക്ക് ലക്ഷ്യങ്ങളുണ്ട്. പക്ഷെ ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലല്ലോ? ഒരുപക്ഷെ സിദാനെ പോലെ ഹെഡ്ഡ് ബട്ട് ചെയ്ത് റെഡ് കാര്‍ഡ് വാങ്ങിയായിരിക്കും എന്റെ കരിയര്‍ അവസാനിക്കുക. ആര്‍ക്കറിയാം എന്താണ് സംഭവിക്കുകയെന്ന്,” എതിര്‍ താരത്തെ ഹെഡ് ബട്ട് ചെയ്തതിന് അല്ല റഫറിയോട് കയര്‍ത്തതിനാണ് ബഫണിന് റെഡ് കാര്‍ഡ് ലഭിച്ചത്. എന്നാലും ആ വാക്കുകള്‍ ബഫണിനെ വേട്ടയാടുന്നുണ്ടാകും.

ഇത്തവണ ലോകകപ്പിന് ഇറ്റലിയില്ല. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ബഫണ്‍ പറഞ്ഞിരുന്നതാണ്. അസൂറികള്‍ യോഗ്യത നേടാതെ പുറത്തായതോടെ ബഫണിന്റെ അവസാന രാജ്യാന്തര മൽസരമായിരിക്കും അതെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ പിന്നീട് ടീമിന്റെ ആവശ്യം മനസിലാക്കി ബഫണ്‍ ആ തീരുമാനം തിരുത്തുകയായിരുന്നു. എന്നാലും ഇനിയൊരു ലോകകപ്പില്‍ ഇറ്റലിയുടെ ഗോള്‍ പോസ്റ്റിന് കീഴെ കൈകള്‍ വിരിച്ച് പിടിച്ചുകൊണ്ട് ബഫണുണ്ടാകുമെന്ന് തോന്നുന്നില്ല. യുവന്റസ് ആരാധകരും ഇറ്റലിക്കാരെ പോലെ കാത്തിരിക്കുകയാണ് ബഫണിന്റെ വാക്കുകള്‍ക്കായി. മുമ്പ് പറഞ്ഞത് പോലെ ഇതോടെ എല്ലാം അവസാനിപ്പിക്കുമോ ഇല്ലയോ എന്നറിയാനായി.

ആദ്യ പാദത്തില്‍ ഏകപക്ഷീയ വിജയം നേടിയ റയല്‍ ഇരുപാദങ്ങളിലായി ഒരു ഗോളിന്റെ ലീഡിനാണ് റയല്‍ സെമിയില്‍ കടന്നത്. സ്വന്തം മൈതാനത്ത് ഏറ്റുവാങ്ങിയ കനത്ത തോല്‍വിയ്ക്ക് മറുപടി നല്‍കുന്നതായിരുന്നു യുവന്റസിന്റെ പ്രകടനം. ഒരുഘട്ടത്തില്‍ എഎസ് റോമ ബാഴ്‌സയ്‌ക്കെതിരെ നേടിയ അട്ടിമറി യുവന്റസും ആവര്‍ത്തിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നിര്‍ഭാഗ്യം പെനാല്‍റ്റിയിലൂടെ കടന്നുവന്നപ്പോള്‍ അവരുടെ സെമിഫൈനലെന്ന സ്വപ്നം തകരുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നാടകീയ പെനാല്‍റ്റി ഗോള്‍.

മൽസരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മരിയോ മാന്‍ഡുകികിലൂടെ യുവന്റസ് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് 37-ാം മിനിറ്റില്‍ മരിയോ മാന്‍ഡുകികി വീണ്ടും യുവന്റസിനെ മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ബലാസി മഷൂദി മൂന്നാം ഗോളും നേടിയതോടെ യുവന്റസ് സ്വപ്‌നം കാണാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ രക്ഷകനാവുകയായിരുന്നു.

ലൂക്കാസ് വാസ്‌കസിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. തീരുമാനത്തിനെതിരെ റഫറിയോട് കയര്‍ത്തതിനാണ് ഇതിഹാസ താരം ബഫണിന് റെഡ് കാര്‍ഡ് ലഭിച്ചത്. പിന്നാലെ പെനാല്‍റ്റി ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോ റയലിന്റെ രക്ഷകനായി മാറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ