മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലൊരു നിര്‍ദേ ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സ്പിന്‍ ബോളര്‍ ആര്‍.അശ്വിന് വീണ്ടും അവസരം നല്‍കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
രണ്ട് വര്‍ഷത്തോളമായി അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ് സ്‌പെഷലിസ്റ്റായി മാത്രം കളിപ്പിക്കേണ്ട താരമല്ല അശ്വിനെന്നും ഏകദിനത്തിലും ടി20യിലും വീണ്ടും അവസരം അര്‍ഹിക്കുന്നുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് അവസരം നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
”ഒരു സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ടി20യില്‍ സുന്ദറാണ് ആ റോള്‍ വഹിക്കുന്നത്, വിക്കറ്റ് എടുക്കുന്നയാളെ കളിപ്പിക്കണം. അത് അശ്വിന് കഴിയും. എന്തുകൊണ്ട് അവനൊരു അവസരം നല്‍കിക്കൂട? നിശ്ചിത ഓവറില്‍ ഈ അടുത്തവന്‍ നന്നായി കളിച്ചതാണ്,” ഹര്‍ഭജന്‍ പറയുന്നു.
”അശ്വിന് പന്ത് സ്പിന്‍ ചെയ്യാനാകും, ഒരുപാട് വേരിയേഷനുകളുമുണ്ട്. സുന്ദറിനെ പോലുള്ളവര്‍ക്ക് പഠിക്കാനുണ്ട്. അവന്‍ നന്നായി കളിക്കണമെന്നാണ് ആഗ്രഹം. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷെ മത്സരത്തിന്റെ കടുപ്പം അനുസരിച്ച് അവരെ മാറ്റുമെന്നും അവര്‍ പഠിക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ന് ശേഷം ഇന്ത്യയുടെ സ്പിന്‍ ജോഡിയായ അശ്വിനും ജഡേജയും നിശ്ചിത ഓവറില്‍നിന്നു മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് ഈ റോള്‍ ഏറ്റെടുത്തത്. ഈ അടുത്തായി ജഡേജ മടങ്ങിയെത്തിയെങ്കിലും അശ്വിന്‍ ഇപ്പോഴും ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്.