തകർപ്പൻ ക്യാച്ചുകളിലൂടെ ക്രിക്കറ്റ് മൈതാനത്ത് നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് ഇന്ത്യൻ വനിത ടി20 ക്യാപ്റ്റൻ ഹർമ്മൻ പ്രീത്. ഇന്നും മനോഹരമായ ഒരു ക്യാച്ചെടുത്ത താരം എന്നാൽ അത് ആഘോഷിക്കാൻ തയ്യാറായില്ല. കാരണം ഹർമ്മൻ പുറത്താക്കിയത് ഇന്ത്യൻ ടീമിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തെയാണ്.
ഓസ്ട്രേലിയയിലെ വിമൺസ് ബിഗ് ബാഷ് ലീഗിൽ കളിക്കുകയാണ് ഹർമ്മൻ പ്രീതും സ്‍മൃതി മന്ദാനയും. എന്നാൽ വ്യത്യസ്ത ടീമുകളിലാണ് ഇരുവരും കളിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ മന്ദാനയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കി കൂടാരം കയറ്റിയത് ഹർമ്മൻ പ്രീതാണ്. തുടർച്ചയായ ബൗണ്ടറികളിലൂടെ മത്സരത്തിൽ താളം കണ്ടെത്തുന്നതിനിടയിലാണ് മന്ദാന പുറത്താകുന്നത്.
ഹൊബർട്ട് ഹ്യൂരിക്കൻസിന്റെ എട്ടാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ബൗണ്ടറിയിലേക്ക് ഉയർത്തിയടിക്കാനുള്ള മന്ദാനയുടെ ശ്രമം ഉയർന്ന് ചാടിയ കൗർ പരാജയപ്പെടുത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഹർമ്മന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആക്രമണത്തിലേക്ക് നീങ്ങുമായിരുന്ന മന്ദാനയെ പുറത്താക്കാൻ കൗറിനായി.
Harmanpreet leaps aannnddd…GONE! A ripping catch to send off her countrywoman Smriti Mandhana!@CommBank | #WBBL04 pic.twitter.com/fsHX6OZyNQ
— Rebel Women's Big Bash League (@WBBL) December 21, 2018
മത്സരത്തിൽ കൗറിന്റെ സിഡ്നി തണ്ടേഴ്സ് മന്ദാനയുടെ ഹൊബർട്ട് ഹ്യൂരിക്കൻസിനെ പരാജയപ്പെടുത്തുകയും ചെയ്തു. ആറ് വിക്കറ്റിനായിരുന്നു സിഡ്നി തണ്ടേഴ്സിന്റെ വിജയം. ഓസ്ട്രേലിയയിൽ നടക്കുന്ന വുമൻസ് ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുക്കുന്നത്.