ക്രിക്കറ്റ് ഇതിഹാസം ബ്രയൻ ലാറയുടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ യുവതാരങ്ങളിൽ ആദ്യ പേര് മലയാളി താരം സഞ്ജു സാംസണിന്റേത്. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് തനിക്ക് ഏറെ പ്രിയപ്പെട്ട ആറ് ഇന്ത്യൻ താരങ്ങളെ ലാറ വെളിപ്പെടുത്തിയത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ സഞ്ജു തനിക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്ററാണെന്ന് ലാറ പറയുന്നു. “സഞ്ജുവിന്റെ കഴിവ് എനിക്ക് ഇഷ്ടമാണ്. എന്നാൽ, എല്ലാ സമയത്തും അയാളുടെ ബാറ്റിങ് എനിക്കിഷ്ടമാണെന്ന് അഭിപ്രായമില്ല. ഏറെ കഴിവുകൾ ലഭിച്ചിട്ടുള്ള താരമാണ്. മികച്ച ടൈമിങ് ഉണ്ട്. അദ്ദേഹത്തിന്റെ കഴിവ് പരിഗണിക്കുമ്പോൾ അസാധ്യ താരമെന്നേ പറയാൻ സാധിക്കൂ. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധ്യതയുണ്ട്,” മലയാളി താരത്തെ വാഴ്ത്തി ലാറ പറഞ്ഞു.
ലാറയുടെ ഇഷ്ട യുവതാരങ്ങളിൽ രണ്ടാമൻ സൂര്യകുമാർ യാദവാണ്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 15 കളികളില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. “തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാലും ടീമിനുവേണ്ടി കളിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഈ ഐപിഎല്‍ സീസണില്‍ സൂര്യകുമാറിന്റെ കളി ഞാൻ നന്നായി ആസ്വദിച്ചു,” ലാറ പറഞ്ഞു.
Read Also: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം; കോഹ്ലിക്ക് പറ്റേർണിറ്റി ലീവ്
വിൻഡീസ് ഇതിഹാസത്തിന്റെ പ്രിയപ്പെട്ടവരുടെ പട്ടികയിൽ മറ്റൊരു മലയാളി താരം കൂടി ഇടംപിടിച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കലാണ് അത്. ടി 20 യിലും ഏകദിനത്തിലും മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ കൂടി അദ്ദേഹം കളിക്കുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം. നല്ല കഴിവുള്ള താരമാണ് ദേവ്ദത്ത് പടിക്കൽ. ടെസ്റ്റ് ക്രിക്കറ്റിലും പ്രതിഭ തെളിയിക്കാൻ അദ്ദേഹത്തിനു സാധിക്കും. ഗ്യാപ്പ് ഷോട്ടുകളിലൂടെ റൺസ് നേടാൻ കഴിവുള്ള താരമാണ് പടിക്കലെന്നും ക്രിക്കറ്റ് ഇതിഹാസം പുകഴ്ത്തി.
കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ.രാഹുലും ലാറയുടെ ഇഷ്ടം പിടിച്ചുപറ്റി. “ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് കെ.എൽ.രാഹുൽ വളരെ മികച്ച താരമാണെന്ന്. അതിൽ കൂടുതൽ എന്താണ് ഞാൻ അയാളെ കുറിച്ച് പറയേണ്ടത്,” ലാറ പറഞ്ഞു.
പ്രിയം ഗാർഗ്, അബ്ദുൾ സമദ് എന്നിവരാണ് പട്ടികയിലെ അഞ്ചും ആറും സ്ഥാനത്ത്. ഇരുവരും ഇന്ത്യയുടെ മികച്ച താരങ്ങളാണെന്നും ഏറെ കഴിവുകളുണ്ടെന്നും ലാറ വിലയിരുത്തി.