ക്രിക്കറ്റ് ലോകത്തെ വലിയ തർക്കവിഷയമാണ് ഈ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്‍മാൻ ആരെന്നുള്ളത്. പ്രമുഖ ക്രിക്കറ്റർമാർക്കും ആരാധകർക്കുമെല്ലാം അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. ഇക്കാര്യത്തിൽ ഇതിഹാസതാരം ബ്രയൻ ലാറയും പ്രതികരിച്ചിരിക്കുകയാണിപ്പോൾ. ലാറയ്ക്ക് ഈ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്‍മാൻ ഒന്നല്ല രണ്ട് താരങ്ങളാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടുമാണ് നിലവിലെ മികച്ച ബാറ്റ്സ്‍മാന്മാരെന്നാണ് ലാറയുടെ പക്ഷം.
മികച്ച പ്രകടനമാണ് മൈതാനത്ത് ഇരുവരുടെയും. വിരാട് കോഹ്‍ലിക്കും ജോ റൂട്ടിനും ഏത് ലോകോത്തര ബോളർമാരെയും നേരിടാനാകുമെന്നും ഇരുവർക്കും അതിനുള്ള സാങ്കേതിക മികവുണ്ടെന്നും ലാറ കൂട്ടിച്ചേർത്തു. മികച്ച ബോളറിന്റെ കാര്യത്തിലും ലാറയ്ക്ക് രണ്ട് പേരുകൾ പറയാനുണ്ട്. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയുമാണ് ലാറയുടെ ഈ കാലഘട്ടത്തിലെ മികച്ച ബോളർമാർ. തന്റെ കാലഘട്ടത്തിലേക്ക് മടങ്ങിപോകാനും ലാറ മറന്നില്ല, താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ബോളർമാർ ആരെന്ന കാര്യത്തിലും ലാറ മനസ്സ് തുറന്നു.
തന്റെ കരിയറിൽ ബോളർമാരുടെയെല്ലാം പേടിസ്വപ്നമായിരുന്ന ലാറ രാജ്യാന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടിയ ഏക താരം ലാറയാണ്. ഇരുപതിനായിരത്തിധികം റണ്ണുകളാണ് രാജ്യാന്തര ക്രിക്കറ്റിൽ ലാറ അടിച്ചുകൂട്ടിയത്. എന്നാൽ തന്നെ വട്ടംകറക്കിയ ബോളർമാരുമുണ്ടെന്നാണ് താരം പറയുന്നത്. ശ്രീലങ്കൻ ബോളിങ് ഇതിഹാസം മുത്തയ്യ മുരളീധരനും, ഓസീസ് ഇതിഹാസം ഷെയിൻ വോണുമായിരുന്നു താൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബോളർമാരെന്നാണ് ലാറ പറയുന്നത്.
ലാറയുടെ വാക്കുകൾ ഇങ്ങനെ -“മുത്തയ്യ മുരളീധരൻ എന്നെ എപ്പോഴും കുഴപ്പിച്ചിരുന്നു. എന്റെ ഇന്നിങ്സിന്റെ തുടക്ക സമയങ്ങളിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത് മുരളിയുടെ ബോളിങ്ങിലായിരുന്നു. പക്ഷേ ഞാൻ ക്രീസിൽ നിലയുറപ്പിച്ചതിന് ശേഷം മുരളിയ്ക്കെതിരെ ആത്മവിശ്വസത്തോടെ കളിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ വോണിനാകട്ടെ എന്റെ ഇന്നിങ്സിന്റെ തുടക്ക സമയങ്ങളിൽ വലിയ ഭീഷണി ഉയർത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും മത്സരം പുരോഗമിക്കുന്തോറും എനിക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു”.