ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് ഓസിസ് താരം ബ്രെറ്റ് ലീ. നല്ല വേഗതയും മികച്ച ലെങ്തും തന്നെയായിരുന്നു താരത്തിന്റെ പ്രത്യേകത. കുറച്ച് താരങ്ങൾക്ക് മാത്രമേ ക്രിക്കറ്റിൽ അദ്ദേഹത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞുളളൂവെന്നും പറയാം. താൻ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസിസ് താരമിപ്പോൾ. ബ്രെറ്റ് ലീയുടെ കരിയറിൽ പന്തെറിയാൻ ബുദ്ധിമുട്ട് തോന്നിയ താരങ്ങൾ ആരെന്ന ചോദ്യത്തിന് ഉത്തരമായാണ് താരത്തിന്റെ തിരഞ്ഞെടുപ്പ്.

ആദ്യം തന്നെ ബ്രെറ്റ് ലീ പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പേരാണ്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് സച്ചിനെന്ന് പറഞ്ഞ ബ്രെറ്റ് ലീ ക്രീസിൽ പലപ്പോഴും സച്ചിന് കളിക്കാൻ കൂടുതൽ സമയം കിട്ടിയിരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. “അതായത് സച്ചിൻ പലപ്പോഴും കളിച്ചിരുന്നത് സ്റ്റംപിനൊപ്പമുള്ള റിട്ടേൺ ക്രീസിലാണെന്ന് തോന്നാറുണ്ട്, കാരണം അത്രയും സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു,” ബ്രെറ്റ് ലീ പറഞ്ഞു.

Also Read: ഇന്ത്യ – ഓസിസ് ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഓസ്ട്രേലിയ; ആദ്യ മത്സരം ബ്രിസ്ബെയ്നിൽ

രണ്ടാമതായി വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയാൻ ലാറയെയാണ് ബ്രെറ്റ് ലീ തിരഞ്ഞെടുത്തത്. ഒരേ ബോളിനെ വിവിധ സ്ഥലങ്ങളിൽ സിക്സർ പായിക്കാൻ ലാറയ്ക്ക് സാധിച്ചിരുന്നുവെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

മൂന്നാമതായി ബ്രെറ്റ് ലീ തിരഞ്ഞെടുത്ത പേരും അൽപം കൗതുകം നിറഞ്ഞതാണ്. ഒറു ഓൾറൗണ്ടറെയാണ് പട്ടികയിലെ അവസാന താരമായി ബ്രെറ്റ് ലീ ഉൾപ്പെടുത്തിയത്, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്. താൻ കണ്ട ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ് കാലിസെന്നായിരുന്നു ഓസിസ് താരത്തിന്റെ അഭിപ്രായം.

Also Read: നിങ്ങളുടെ ടിക്ടോക് വീഡിയോകളെക്കാൾ കൊള്ളം; ട്രോളാൻ വന്ന പീറ്റേഴ്സന് ചുട്ടമറുപടി നൽകി കോഹ്‌ലി

കഴിഞ്ഞ ദിവസം രോഹിത്തിനോട് ഇനിയൊരു ഇരട്ടസെഞ്ചുറി നേടുമ്പോൾ അത് ഓസ്ട്രേലിയയ്ക്കെതിരെ വേണ്ടെന്നുള്ള ബ്രെറ്റ് ലീയുടെ അഭ്യർത്ഥനയും ശ്രദ്ധ നേടിയിരുന്നു. “ഇനിയും നിരവധി ഇരട്ടസെഞ്ചുറികൾ രോഹിത് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ അധികമൊന്നും വേണ്ട. പാക്കിസ്ഥാനോ, വെസ്റ്റ് ഇൻഡീസോ അങ്ങനെ മറ്റ് രാജ്യങ്ങളൊക്കെ ഉണ്ടല്ലോ,” സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook