പെർത്ത്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമെന്ന പ്രവചനവുമായി മുൻ ഓസിസ് താരം ബ്രെറ്റ് ലീ. പതിനാറുകാരി ഷഫാലി വർമ്മയും പൂനം യാദവുമെല്ലാം മികച്ച ഫോമിലൊണെന്നും ലോകകപ്പിൽ വ്യത്യസ്തമായൊരു ഇന്ത്യൻ ടീമിനെയാണ് കാണാൻ സാധിക്കുന്നതെന്നും ബ്രെറ്റ് ലീ പറഞ്ഞു.
“ഇന്ത്യ ഇതുവരെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനല് കളിച്ചിട്ടില്ല. പക്ഷേ, ഇതൊരു വ്യത്യസ്തമായ ടീമാണ്. ഇന്ത്യയിൽനിന്ന് ഇതുവരെ ഇങ്ങനെയൊരു ടീമിനെ കണ്ടിട്ടില്ല,” ബ്രെറ്റ് ലീ പറഞ്ഞു. ഒപ്പം ഇന്ത്യ ഫൈനലിലെത്തുന്നത് തടയാൻ എതിരാളികൾ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകുന്നു ഓസിസ് താരം.
Also Read: പ്രായം പരിധി കടക്കുന്നു; ബോളിങ് നിരയിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യ
ഓപ്പണിങ്ങിൽ വെടിക്കെട്ട് തീർക്കുന്ന ഷഫാലി വർമയാണ് ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ബോളിങ്ങിൽ പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരുടെ പ്രകടനങ്ങളും നീലപ്പടയെ ടൂർണമെന്റിലെ ഫേവറേറ്റുകൾ എന്ന പേര് നിലനിർത്താൻ സഹായിച്ചു. ഇക്കാരണങ്ങൾ തന്നെയാണ് ബ്രെറ്റ് ലീയും ഇന്ത്യയെ കിരീടനേട്ടത്തിലെത്തിക്കുമെന്ന് പറയുന്നത്.
ബാറ്റു കൊണ്ടും പന്തുകൊണ്ടും മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള ഷഫാലി വർമയും പൂനം യാദവും ഒരുമിച്ചാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാമെന്നും വലിയ താരങ്ങൾക്ക് ഒരുപക്ഷേ നന്നായി കളിക്കാനായില്ലെങ്കിലും ആ കുറവ് നികത്തുന്നവരാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കൂടെ ഇപ്പോഴുള്ളതെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക സെമിയിലെ വിജയികളെയാകും ഇന്ത്യ കലാശപോരാട്ടത്തിൽ നേരിടുക. കന്നികിരീടത്തിലേക്ക് രണ്ട് ജയം മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മാർച്ച് അഞ്ചിനാണ് സെമി പോരാട്ടം. മാർച്ച് എട്ടിന് നടക്കുന്ന കലാശപോരാട്ടമാണ് ലോകചാംപ്യന്മാരെ നിശ്ചയിക്കുന്നത്.