ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ സെഞ്ചുറി നേടാൻ അനുവദിക്കില്ലെന്ന് പാറ്റ് കുമ്മിൻസ് വീരവാദം മുഴക്കി ഒരാഴ്ച തികയും മുൻപ് മുൻ ഓസീസ് താരം കോഹ്ലിയെ തുണച്ച് രംഗത്ത്. ഇന്ത്യൻ ക്യാപ്റ്റൻ ഒരു സെഞ്ചുറിയിലൊതുക്കില്ലെന്നും സെഞ്ചുറികൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ സംഘം അവിടെ മൂന്ന് ടി20 കളാണ് ആദ്യം കളിക്കുക. പിന്നീട് നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയും നടക്കും.
ഒരാഴ്ച മുൻപ് പാറ്റ് കുമ്മിൻസ് പറഞ്ഞതിങ്ങനെ, “എന്റെ ഏറ്റവും ധീരവും ശക്തവുമായ പ്രവചനം. എനിക്ക് തോന്നുന്നു വിരാട് കോഹ്ലി ഒരു സെഞ്ചുറി പോലും വരുന്ന പര്യടനത്തിൽ നേടില്ല. ഇവിടെ വച്ച് ഞങ്ങളവരെ തകർത്തുവിടും.”
എന്നാൽ പാറ്റ് കുമ്മിൻസിന്റെ വീരവാദത്തിന് തകർപ്പൻ മറുപടി കിട്ടിയത് ഓസീസിന്റെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളായ ബ്രറ്റ് ലീ തന്നെയാണ് രംഗത്ത് വന്നത്.
“സെഞ്ചുറികളോട് ഇത്രയും വിശപ്പുളള മറ്റൊരു ബാറ്റ്സ്മാനെ ഞാനെന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കോഹ്ലിക്ക് ഇനിയും തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈ വർഷം എന്തുകൊണ്ടാണ് താൻ ഏറ്റവും മികച്ചതെന്ന് കോഹ്ലി തെളിയിച്ചിരിക്കും. നേട്ടങ്ങളൊരുപാട് നേടും കോഹ്ലി ഈ വർഷം. ഓസീസ് പര്യടനത്തിലും അയാൾ സെഞ്ചുറികൾ നേടും,” അദ്ദേഹം പറഞ്ഞു.
എങ്കിലും ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. “അവസാന രണ്ട് പര്യടനങ്ങളിൽ ഇന്ത്യക്ക് ഓസ്ട്രേലിയയിൽ കാര്യമായി ഒന്നും നേടാനായിട്ടില്ല. അതിനാൽ തന്നെ ഓസീസിനാണ് ജേതാക്കളാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 2011-12 കാലത്ത് ഏകദിന പരമ്പര 4-0 നും 2014-15 ൽ 2-0 നും ഇന്ത്യ തോറ്റിരുന്നു,” ബ്രറ്റ് ലീ ചൂണ്ടിക്കാട്ടി.
“ഓസ്ട്രേലിയയുടെ കരുത്ത് ബോളർമാരിലാണ്. ഞാനെപ്പോഴും പറയാറുണ്ട്, 20 വിക്കറ്റ് നേടാനാവുമെങ്കിൽ നിങ്ങൾക്ക് ജയിക്കാനാവും എന്ന്. ഓസ്ട്രേലിയയ്ക്ക് ആ കരുത്തുണ്ട് ഇപ്പോൾ. അതിനാൽ സാഹചര്യങ്ങൾ അവർക്ക് അനുകൂലമാണ്,” ലീ വിശദീകരിച്ചു.