ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിലേക്കുള്ള താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലായിരുന്നു ന്യൂസിലൻഡ് താരം ബ്രെണ്ടൻ മക്കല്ലവും. 2 കോടി രൂപ അടിസ്ഥാനവിലയുള്ള താരങ്ങളുടെ ചരുക്ക പട്ടികയിലിടം പിടിച്ചിട്ടും താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും തയ്യാറല്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് വിരമിക്കൽ സൂചന നൽകി താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. തനിക്കായി ഒരു ടീം മുന്നോട്ട് വരുമെന്നും അത് സംഭവിക്കാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞ സമീപ ഭാവിയിൽ താൻ കരിയർ അവസാനിപ്പിക്കുമെന്ന സൂചനയും റോഡിയോ സ്പോർട്ടുമായി സംസാരിക്കവെ നൽകി.

” ചിലസമയങ്ങൾ അങ്ങനെയാണ്. ഞാൻ ശരിക്കും ഭാഗ്യമുള്ളവനായിരുന്നു. കഴിഞ്ഞ 11 സീസണുകളിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ എനിക്കായി. എന്നാൽ ചിലസമയങ്ങളിൽ ഇങ്ങനത്തെ തിരിച്ചടിയും ഉണ്ടായേക്കാം, ” മക്കല്ലം പറഞ്ഞു.

എല്ല നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടെന്ന് പറഞ്ഞ മക്കല്ലം, മറ്റ് കിവി താരങ്ങൾക്ക് അവസരം കിട്ടിയതിലുള്ള സന്തോഷവും മറച്ചുവെച്ചില്ല. ന്യൂസിലൻഡ് താരങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം ഭാവിയിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് നമുക്ക് അറിയാൻ കഴിയില്ലെന്നും ഓർമ്മിപ്പിച്ചു.

മുൻ കിവി നായകൻ കൂടിയായ ബ്രെണ്ടൻ മക്കല്ലം 2016ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കൊച്ചി ടസ്ക്കേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്നു. 109 ഐപിഎൽ മത്സരങ്ങൾ കളിച്ച മക്കല്ലം 2881 റൺസ് നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ