ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേർസിന്റെ ആക്രമണങ്ങൾക്ക് ശക്തി കൂട്ടാൻ രണ്ട് വിദേശ താരങ്ങളെത്തുന്നു. 2015 സീസണിൽ ബ്ലാസ്റ്റേർസ് ടീമിൽ ഉണ്ടായിരുന്ന വിക്ടർ ഫൊക്കാർഡോ എന്ന പുൾഗയും ബ്രസീലിയൻ താരം നിൽമറുമാണ് മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.

പരിക്കേറ്റ കെസിറോണ കിസിത്തോ, ബെർബറ്റോവ് എന്നീ താരങ്ങൾക്ക് പകരമാകും ഇരുവരും ടീമിന്റെ ഭാഗമാകുക. നേരത്തേ തന്നെ ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയ ഇവർ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇന്നലെ കേരള ബ്ലാസ്റ്റേർസും ഡൽഹി ഡൈനാമോസും തമ്മിലുളള മത്സരം കാണാൻ പുൾഗയും കൊച്ചിയിലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

ആദ്യ സീസണിൽ ബ്ലാസ്റ്റേർസിന്റെ മധ്യനിരയിൽ കളിച്ച പുൾഗ ഇന്നും മഞ്ഞപ്പടയുടെ ആരാധക ഹൃദയങ്ങളിലുണ്ട്. മധ്യനിരയിൽ ഏറ്റവും ശക്തനെന്ന ഖ്യാതി നേടിയ പുൾഗയും മുന്നേറ്റത്തിൽ ഇയാൻ ഹ്യൂമും ചേര്‍ന്നാല്‍ നല്ലൊരു പങ്കാളിത്തം സാധ്യമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അവശേഷിക്കുന്ന കളികളിൽ ഇത് ടീമിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. അടുത്ത മത്സരത്തിന് മുൻപ് ഇരുതാരങ്ങളും ടീമുമായി കരാറിലെത്തുമെന്നാണ് സൂചന.

ഇപ്പോൾ യുഎഇ ക്ലബ് അൽ നാസറിന് വേണ്ടി കളിക്കുന്ന ബ്രസീലിയൻ താരം നിൽമർ ബ്രസീൽ ദേശീയ ടീമിലും കളിച്ചതായാണ് റിപ്പോർട്ടുകൾ. 24 കളികളിൽ ബ്രസീൽ ദേശീയ കുപ്പായമണിഞ്ഞ നിൽമർ 9 ഗോളുകളും നേടിയിട്ടുണ്ട്. അൽ നാസറിന് വേണ്ടി 26 കളികളിൽ നിന്ന് 11 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ