മാരക്കാന: കാത്തിരിപ്പിന് അന്ത്യം കുറിച്ച് ബ്രസീലിന് കോപ്പ അമേരിക്കയിൽ കിരീടനേട്ടം. പെറുവിനെ തകർത്താണ് ഡാനി ആൽവസും സംഘവും കോപ്പ ഉയർത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കലാശപോരാട്ടത്തിൽ പെറുവിനെതിരെ ബ്രസീലിന്റെ ജയം. എവർട്ടൻ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.
കിരീട സാധ്യതയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രസീൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഫൈനലിന് ഇറങ്ങിയത്. കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ബ്രസീൽ പതിനഞ്ചാം മിനിറ്റിൽ മുന്നിലെത്തി. എവർട്ടണാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഗബ്രിയേൽ ജീസസിന്റെ പാസ് സ്വീകരിച്ച എവർട്ടൺ പന്ത് പെറു വലയിലാക്കി.
പെനാൽറ്റിയിലൂടെയായിരുന്നു പെറുവിന്റെ ആദ്യ ഗോൾ. 44-ാം മിനിറ്റിൽ ഗ്വരേരോ പെറുവിനെ ഒപ്പമെത്തിക്കുകയായിരുന്നു. തിയാഗോ സിൽവയുടെ കൈയ്യിൽ പന്ത് തട്ടിയതിനെ തുടർന്ന് വിധിക്കപ്പെട്ട പെനാൽറ്റി കിക്കെടുത്ത ഗ്വരെരോയ്ക്ക് പിഴച്ചില്ല. മാരക്കാനയെ നിശബ്ദമാക്കി പെറു സമനില പിടിച്ചു. ടൂർണമെന്റിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ ഗോളും ഇത് തന്നെ.
അടുത്ത മിനിറ്റിൽ തന്നെ തിരിച്ചടിച്ച് ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. മധ്യനിര തകർത്ത് ബോക്സിന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ഗബ്രിയേൽ ജീസസിന് പന്ത് കൈമാറി. ലക്ഷ്യം പൂർത്തീകരിച്ച് ജീസസിലൂടെ ബ്രസീൽ മുന്നിലെത്തി. ആദ്യ പകുതിയിൽ മത്സരം 2-1ന് ബ്രസീലിന്റെ കൈകളിൽ.
എന്നാൽ 69-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ജീസസ് പുറത്തായതോടെ പത്ത് പേരെയും വച്ചാണ് ബ്രസീൽ കിരീടത്തിലേക്ക് നീങ്ങിയത്. രണ്ടാം പകുതിയിൽ ഒപ്പമെത്താൻ പെറുവും ലീഡ് ഉയർത്താൻ ബ്രസീലും പരിശ്രമിച്ചപ്പോൾ ഒരുപിടി മികച്ച മുന്നേറ്റങ്ങൾ മാരക്കാനയുടെ മൈതാനത്ത് പിറന്നു. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു.
കളിയുടെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി റിച്ചാർലിസൺ പട്ടിക പൂർത്തിയാക്കി. പന്തുമായി പെറു ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവർട്ടണെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് ഫിർമ്മിഞ്ഞോക്ക് പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസൺ 90-ാം മിനിറ്റിൽ വലയിലാക്കിയത്. ബ്രസീലിന്റെ വലയിലെ ഒമ്പതാം കിരീടവും.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. 1999, 22, 49, 89, 97, 99, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന റെക്കോർഡ് ബ്രസീൽ നിലനിർത്തി.