കോപ്പയിൽ കാൽപന്ത് പ്രേമികൾ കാത്തിരുന്ന വിശ്വപോരാട്ടത്തിന് കളമൊരുങ്ങി. മിനാസ് ഗിറൈസിൽ നടക്കുന്ന ആദ്യ സെമിയിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വരുമ്പോൾ ഇരു ടീമുകൾക്കും ആരാധകർക്കും അത് അഭിമാന പോരാട്ടമാണ്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനയും ബ്രസീലും പ്രതീക്ഷിക്കുന്നില്ല.
എന്നാൽ നായകൻ ലയണൽ മെസിയുടെ ടൂർണമെന്രിലെ മോശം പ്രകടനം അർജന്റീനക്ക് തിരിച്ചടിയാണ്. കോപ്പയിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് മെസിക്ക് ഗോൾ കണ്ടെത്താൻ സാധിച്ചത്. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ഫോമിലേക്ക് മടങ്ങിയെത്തി അർജന്റീനക്ക് 15-ാം കോപ്പ കിരീടം സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെസി. എന്നാൽ ബ്രസീലിനെ നേരിടുക അത്ര എളുപ്പമല്ലെന്നു സമ്മതിക്കുന്നു താരം.
“ബ്രസീൽ ടൂർണമെന്റിൽ ഇവിടെ വരെ എത്തിയത് മികച്ച പ്രകടനത്തിലൂടെയാണ്. ഞങ്ങളും കഴിയാവുന്നിടത്തോളം മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബ്രസീലിനെ നേരിടുന്നത് അത്ര എളുപ്പമല്ലെന്നും ഞങ്ങൾക്കറിയാം. അവർ ആതിഥേയ രാജ്യമാണ്, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യം എന്തുകൊണ്ടും അവർക്ക് ലഭിക്കും. അതിന് പുറമെ അവർക്ക് മത്സരത്തിന് തയ്യാറാകാൻ ഒരു ദിവസം അധികമായും ലഭിച്ചു.” മെസി പറഞ്ഞു.
കോപ്പയിലെ കണക്കുകൾ അർജന്റീനക്ക് അനുകൂലമാണ്. 28 തവണ ഫൈനൽ കളിച്ച അർജന്റീന 14 തവണ കിരീടമുയർത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2015ലും 2016ലും കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ അർജന്റീനക്ക് ഇത് മറ്റൊരു അവസരമാണ്. മറുവശത്ത് ബ്രസീലാകട്ടെ 19 തവണ കോപ്പയുടെ ഫൈനൽ കളിച്ചു. എട്ട് തവണ കിരീടവും സ്വന്തമാക്കി. ഏറ്റവും ഒടുവിൽ 2007ലാണ് ബ്രസീൽ അവസാനമായി ഫൈനൽ കളിച്ചതും കിരീടം ഉയർത്തിയതും.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ബുധനാഴ്ച നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്. പരാഗ്വായെ പരാജയപ്പെടുത്തി ബ്രസീല്‍ നേരത്തെ തന്നെ സെമിയില്‍ എത്തിയിരുന്നു.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ സ്വന്തമാക്കി അര്‍ജന്റീന വെനസ്വേലയെ പ്രതിരോധത്തിലാക്കി. ലൗട്ടാറെ മാര്‍ട്ടിനെസാണ് അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടിയത്. മെസിയെടുത്ത കോര്‍ണർ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയാണ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
പരാഗ്വായെ ഷൂട്ടൗട്ടിൽ വീഴ്ത്തിയായിരുന്നു ബ്രസീൽ കോപ്പ അമേരിക്കയുടെ സെമിൽ കടന്നത്. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ബ്രസീൽ വിജയത്തിലേക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.