മെൽബൺ: ബ്രസീലിന് എതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ 44-ാം മിനിറ്റിൽ പ്രതിരോധനിരക്കാരൻ മെർക്കാഡോയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. പുതിയ പരിശീലകൻ ഹോർഗെ സാംപോളിക്ക് കീഴിൽ അർജന്റീന കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇന്നത്തേത്.
കളി ശൈലി പൊളിച്ചെഴുതിയാണ് അർജന്റീന ബ്രസീലിന് എതിരെ പന്ത് തട്ടിയത്. വൺ ടച്ച് ഫുട്ബോൾ പുറത്തെടുത്ത നീലപ്പട പന്ത് കൈവശം വയ്ക്കുന്നതിൽ മിടുക്ക് കാട്ടി. ഗോൾകീപ്പർ റൊമേറോ മുതൽ മെസി വരെ പന്ത് നിയന്ത്രിക്കുന്നു. ഹോർഗെ സാംപോളി എത്തിയതോടെയാണ് അർജന്റീനയുടെ കളി ശൈലി മാറിയത്. എന്നാൽ മത്സരത്തിൽ ശക്തമായ പ്രകടനമാണ് ബ്രസീലിന്റെ മഞ്ഞപ്പട പുറത്തെടുത്തത്. വില്യനും കുട്ടീഞ്ഞോയും അടങ്ങുന്ന മധ്യനിര നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഫിനിഷിങ്ങിലെ പിഴവുകൾ ബ്രസീലിന് വിനയായി. ഗോളെന്നുറച്ച 3 ഷോട്ടുകളാണ് അർജന്റീനയുടെ പോസ്റ്റിൽ തട്ടി തെറിച്ചത്.
മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം കാണികളെ സാക്ഷിനിര്‍ത്തിയാണ് അര്‍ജന്റീനബ്രസീല്‍ സൂപ്പര്‍ പോരാട്ടത്തിന് വിസില്‍ മുഴങ്ങിയത്. ഇരുടീമുകളും ഒന്നിന് പിറകെ ഒന്നായി ആക്രമിച്ച് കളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് അത് ഫുട്ബോള്‍ വിരുന്നായി.