ജൂണിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുളള ബ്രസീലിയൻ ടീമിനെപ്പറ്റി നിർണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ പരിശീലകൻ. യുഒഎൽ സ്പോർട്സ് എന്ന ചാനലിനോട് സംസാരിക്കുമ്പോഴാണ് ടിറ്റെ തന്റെ ആദ്യ ഇലവനെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തിയത്. ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുളള 15 താരങ്ങളുടെ പേരുകൾ പരിശീലകൻ പരസ്യമായിപ്പറഞ്ഞു.

തന്റെ തനതു ശൈലിയായ 4-4-3യിൽ തന്നെയാണ് ടിറ്റെ ടീമിനെ ഒരുക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ നെയ്മർ, ഫിലിപ്പ് കുട്ടീഞ്ഞോ, ഡാനി ആൽവേസ് എന്നീ പ്രമുഖരെല്ലാം ടിറ്റെയുടെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ എ.എസ് റോമയുടെ അലിസണാണ് ടീമിന്റെ ഗോൾകീപ്പർ, ഡാനി ആൽവേസ്, മാഴ്സേലോ എന്നിവർ വലത്, ഇടത് വിങ്ങർമാരായി അണി നിരക്കുമ്പോൾ പിഎസ്ജിയുടെ മാർക്വീഞ്ഞോസും ഇന്റർമിലാന്റെ മിറാൻഡും സെൻട്രൽ ഡിഫൻഡർമാരാകും.

റയൽ മാഡ്രിഡിന്റെ കാസിമേറോയും ബാഴ്സിലോണയുടെ പൗളീഞ്ഞോയും ചൈനീസ് ക്ലബ് ബീജിങ്ങ് ഗുഹോണിന്റെ റെനാറ്റോ അഗസ്റ്റോയുമായിരിക്കും മധ്യനിര നിയന്ത്രിക്കുക. ബാഴ്സിലോണയുടെ ഫിലിപ്പ് കുട്ടീഞ്ഞോയും സൂപ്പർ താരം നെയ്മറും മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസുമായിരിക്കും മുന്നേറ്റ നിരയെ നയിക്കുക.

അതേസമയം ചില പ്രമുഖ താരങ്ങളെ ടിറ്റെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്ജിയുടെ പ്രതിരോധ നായകൻ തിയാഗോ സിൽവ, റോബർട്ടോ ഫിർമിനോ, ചെൽസിയുടെ വില്യൻ എന്നിവർക്ക് ആദ്യ പതിനൊന്നിൽ ഇടമില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ ഗോൾ കീപ്പർ എഡേഴ്സണും ചെൽസിയുടെ ഡേവിഡ് ലൂയിസും ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങളാണ്.

ബ്രസീലിന്റെ 15 അംഗം ടീം

ലോകകപ്പിനു ഗ്രൂപ്പ് ജേതാക്കളായി ആദ്യം യോഗ്യത നേടിയ ടീം ബ്രസീലായിരുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്ക, സ്വിറ്റ്‌സര്‍ലന്റ്, സെര്‍ബിയ എന്നിവര്‍ക്കൊപ്പമാണ് ബ്രസീല്‍. സ്വിറ്റ്‌സര്‍ലന്റുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ