കൊൽക്കത്ത: അണ്ടർ 17 ലോകകപ്പിൽ ആരാധകരുടെ പ്രീയ ടീമായ ബ്രസീലിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മാലിയെ തോൽപ്പിച്ചാണ് ബ്രസീൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് കാനറികളുടെ വിജയം.ടൂർണ്ണമെന്റിൽ ബ്രസീലിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച പ്ലെമേക്കർ അലനും , യൂറി ആൽബേർട്ടോയുമാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.
ആഫ്രിക്കൻ കരുത്തിനെ സാംബാ ശൈലി മറികടക്കുന്ന മനോഹരമായ കാഴ്ചയാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്ന് കണ്ടത്. പന്ത് കൈവശം വെച്ച് അതിവേഗ നീക്കങ്ങൾ മെനഞ്ഞ് ബ്രസീൽ കളം വാഴുകയായിരുന്നു. 57 മിനുറ്റിൽ അലൻ സോസയിലൂടെ ബ്രസീൽ ലീഡ് എടുക്കുകയായിരുന്നു. ബോക്സിന് പുറത്ത് നിന്ന് അലൻ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് മാലി പോസ്റ്റിന്റെ വലത് മൂലയിൽ പതിക്കുകയായിരുന്നു.
സമനില പിടിക്കാൻ മാലി കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രസീൽ ഗോൾകീപ്പർ ഇതെല്ലാം തടുത്തു. ഒടുവിൽ കളി തീരാൻ മിനുറ്റുകൾ ശേഷിക്കെ യൂറി ആൽബേട്ടോയിലൂടെ ബ്രസീൽ തങ്ങളുടെ വിജയം ഉറപ്പിച്ചു. ബ്രണ്ണറുടെ പാസ് വലയിലേക്ക് തിരിച്ചുവിട്ടാണ് ആൽബേട്ടോയുടെ സുന്ദരഗോൾ.