ലോകകപ്പിന് മുൻപ് അർജന്റീനയും ബ്രസീലും ഓസ്‌ട്രേലിയയിൽ സൗഹൃദ മത്സരം കളിക്കും. ജൂൺ 11ന് ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ ‘സൂപ്പർ ക്ലാസിക്കോ’ മത്സരം. വിക്ടറോറിയ സർക്കാർ ബുധനാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകി.
കഴിഞ്ഞ സെപ്റ്റംബറിൽ സാവോപോളോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ, മത്സരം പകുതിക്ക് വച്ച് നിർത്തിവെച്ചിരുന്നു. നാല് അർജന്റീനിയൻ താരങ്ങൾ കോവിഡ് ക്വാറന്റൈൻ നിയന്ത്രങ്ങൾ ലംഘിച്ചതിനെ തുടർന്നായിരുന്നു ഇത്. മത്സരം ആരംഭിച്ച് മിനിട്ടുകൾക്കകം ബ്രസീലിയൻ ആരോഗ്യ അധികൃതർ മൈതാനത്ത് കടന്ന് കളിക്കാരെ വിലക്കുകയായിരുന്നു.
പിന്നീട് ഇരു ടീമുകളും ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയതിനാൽ നിർത്തിവച്ച മത്സരം വീണ്ടും കളിച്ചില്ല.
അഞ്ച് വർഷത്തിന് ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 95,000 ആരാധകർക്ക് മുന്നിൽ ‘സൂപ്പർക്ലാസിക്കോ’ നടക്കുമെന്ന് വിക്ടോറിയ സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു.
മെൽബണിലെ സൗഹൃദ മത്സരം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്കും ബ്രസീൽ സൂപ്പർ താരം നെയ്മറിനും ലോകകപ്പിന് തയ്യാറെടുപ്പിൽ സഹായകമാകും, എന്നാൽ ഇരുവരും ഓസ്‌ട്രേലിയയിലേക്ക് ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. നവംബർ 21നാണ് ഖത്തർ ലോകകപ്പിന് തുടക്കമാവുക.